2013, ഫെബ്രുവരി 21, വ്യാഴാഴ്‌ച

ആട് ബിജുവിന്റെ ആത്മകഥ

ആട് ബിജുവിന് ആ പേര് കിട്ടിയത് കഴിഞ്ഞ കൊല്ലം ഓണത്തിനായിരുന്നു. അത് വരെ അവന്‍ വെറും ബിജുവായിരുന്നു.ആ കഥ വഴിയെ പറയാം.  ബിജുവിന് വീട്ടില്‍ അമ്മ മാത്രമേ ഉള്ളൂ , അച്ഛന്‍ നേരത്തെ മരിച്ചു പൊയതാണ്. ഒരു പെങ്ങളുണ്ടായിരുന്നതിന്റെ കല്യാണം രണ്ടു വര്‍ഷം മുന്‍പ് കഴിഞ്ഞു. ഇപ്പോള്‍ വീട്ടില്‍ ബിജുവും അമ്മയും മാത്രം. വീടും മുപ്പത്തഞ്ചു സെന്റ് സ്ഥലവും, വീടെന്നു പറഞ്ഞാല്‍ അത്യാവശ്യം നല്ല കണ്ടീഷനിലുള്ള വീടായിരുനു. ബിജുവിന്റെ അച്ഛന്‍ രാമകൃഷ്ണന്‍ നല്ല അധ്വാനിയായിരുന്നു, ഒരു രൂപ പോലും വെറുതെ കലയില്ല. അങ്ങനെ സ്വരുക്കൂട്ടിയ പണം കൊണ്ടാണ് ആ വീടുണ്ടാക്കിയത്. രണ്ടു ബെഡ്റൂമും ഹാളും അടുക്കളയും സിറ്റ്ഔട്ടുമുള്ള ഒരു നല്ല വീട്. 

എന്നാല്‍ ബിജു അച്ചനെപ്പോലെയായിരുന്നില്ല, നല്ല അധ്വാനിയായിരുന്നെങ്കിലും കിട്ടുന്നതില്‍ ഏറിയ പങ്കും കുന്നത്തെ ശങ്കരന്‍ ചേട്ടന്റെ ഷാപ്പില്‍ കൊണ്ട് പോയി കളയുകയായിരുന്നു ബിജുവിന്റെ രീതി. എന്നാലും വീട്ടിലേക്കുള്ള അരിയും സാധനങ്ങളും വാങ്ങിക്കുന്നതില്‍ അവന്‍ വീഴ്ച വരുത്തിയിരുന്നില്ല. 

ഞങ്ങളുടെ നാട്ടിലെ ഓണാഘോഷമെന്നാല്‍ അത് ഗ്രാമത്തിലുള്ളവരുടെ മുഴുവന്‍ ഒരുമിച്ചുള്ള ആഘോഷമാണ്. ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിവിധ മത്സരങ്ങളും സംഘടിപ്പിക്കും. വടം വലി, കസേര കളി, സുന്ദരിക്ക് പൊട്ട് തൊടീല്‍ എന്നിവയെല്ലാം ഉണ്ടാകും.

കായിക  മത്സരത്തിലെ ഗ്ലാമര്‍ ഇനമാണ് വൈകുന്നേരത്തെ 'വടത്തെ ഞാലല്‍'. ഞങ്ങള്‍ കോതുചിറ എന്ന് വിളിക്കുന്ന ഒരു വലിയ കുളമുണ്ട്. അതിന്റെ രണ്ടറ്റത്തുമുള്ള തെങ്ങിന്മേല്‍ ഒരു വടം വലിച്ചു കെട്ടും. അതിന്റെ ഒരറ്റത്ത് നിന്നും വടത്തില്‍ കൂടി ഞാലി മറു കരയെത്തണം, അതാണ്‌ മത്സരം. കോതുചിറയ്ക്ക് കുറുകെ ഏതാണ്ട്  ഇരുപത്തഞ്ചു മീറ്റര്‍ നീളത്തിലാണ് വടം വലിച്ചു കെട്ടിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആരും ഈ മത്സരത്തില്‍ ജയിക്കാറില്ല എന്നതാണ് വാസ്തവം. അവസാന വിജയം നേടിയ വിജയന്‍ ചേട്ടന്‍ ഇപ്പോള്‍ മത്സരങ്ങളില്‍ നിന്നും വിരമിച്ച് റഫറിയായി ഡ്യൂട്ടി ചെയ്യുന്നു.

ഗ്ലാമര്‍ ഇനമായിരുന്നതിനാല്‍  'വടത്തെ ഞാലലിനു' ധാരാളം കാണികളുമുണ്ടായിരുന്നു. ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ ഒട്ടുമിക്കവാറും പേരും ഉണ്ടാകുമെന്നതിനാല്‍ നാട്ടിലെ ചെറുപ്പക്കാരെല്ലാം ഇതില്‍ പാര്‍ടിസിപേറ്റ് ചെയ്യുമായിരുന്നു.

അങ്ങനെ കഴിഞ്ഞ കൊല്ലം  ഓണത്തിലെ മത്സരം .......  ആദ്യം കയറിയ ഏഴു പേരും പകുതി പോലും എത്തുന്നതിനു മുന്‍പ് പിടി വിട്ട് കുളത്തിലേക്ക്‌ വീണു. എട്ടാമതായി ബിജുവാണ് മത്സരിക്കുന്നത്.....  അവന്റെ മുഖത്ത് ആത്മവിശ്വാസം സ്ഫുരിച്ചിരുന്നു. തനിക്ക് അപ്പുറം ചെല്ലാന്‍ കഴിയും, അവന്റെ മനസ്സ് അവനോട് പറഞ്ഞു. ഓരോ പിടിയും സൂക്ഷിച്ച് പിടിച്ച് ബിജു തന്റെ പ്രയാണം ആരംഭിച്ചു, അങ്ങനെ ഏകദേശം പകുതിയായി. കുളത്തിന്റെ രണ്ട് സൈഡിലും നില്‍ക്കുന്ന നാരീമണികള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിച്ച കൊണ്ടിരുന്നു.   

നടുക്ക് ചെന്നപ്പോള്‍ ബിജുവിന് ഒന്ന് രണ്ട് അഭ്യാസങ്ങള്‍ കാണിച്ചാല്‍ കൊള്ളാമെന്നു തോന്നി. കൈകള്‍ വടത്തില്‍ പിടിച്ചു കൊണ്ട് ജിംനാസ്റ്റിക്സ് താരങ്ങള്‍ ചെയ്യുന്നത് പോലെ അവന്‍ ഒന്ന് രണ്ട് മലക്കം മറിഞ്ഞു. പിന്നീട് കാല്‍ വടത്തില്‍ കോര്‍ത്ത്‌ കൊണ്ട് തല കീഴായി കിടന്നു. ബിജുവിന്റെ അഭ്യാസങ്ങള്‍ കണ്ട് കരയില്‍ നല്ല കയ്യടി. അങ്ങനെ കിടക്കുന്നതിനിടയില്‍ അവന്റെ കാല്‍ എങ്ങനെയോ വടത്തില്‍ കുരുങ്ങി, എത്ര ശ്രമിച്ചിട്ടും അഴിയുന്നില്ല. അഴിക്കാന്‍ നോക്കുന്തോറും അത് കൂടുതല്‍ പിണയുന്നു. അവന്‍ കുളത്തിന്റെ ഒത്ത നടുക്ക് വടത്തില്‍ തൂങ്ങി നിന്ന് ആടാന്‍ തുടങ്ങി, ക്ലോക്കിന്റെ പെന്‍ഡുലം ആടുന്നത് പോലെ. കണ്ടു നിന്നവര്‍ ഇതൊരഭ്യാസമാണെന്നാണ് ധരിച്ചത്.

ബിജു ചുറ്റും നോക്കി..... വിളിച്ചു കൂവിയാല്‍ മാനം പോകും .... പക്ഷെ എന്ത് ചെയ്തിട്ടും കുരുക്കഴിയുന്നില്ല. അവന്റെ വായില്‍ നിന്നും അവനറിയാതെ തന്നെ ആ ശബ്ദം പുറത്തു ചാടി.

" അയ്യോ ..... രക്ഷിക്കണേ.... "

അപ്പോഴാണ്‌ അതൊരഭ്യാസമല്ല  അപകടമായിരുന്നെന്നു കണ്ടു നിന്നവര്‍ക്ക് മനസ്സിലായത്. വടത്തിന്റെ ഒരറ്റം അഴിച്ച് അവനെ താഴെയിറക്കി. അങ്ങനെ വടത്തില്‍ തൂങ്ങിയാടിയത് കൊണ്ട് 'ആടും  ബിജു' എന്ന പേര് വീണു. ആ പേര് ക്രമേണ ലോപിച്ച് 'ആട് ബിജു' എന്നായി മാറി. അല്ലാതെ ആട് എന്ന ജീവിയുമായി ബിജുവിന് യാതൊരു ബന്ധവും ഇല്ല.

ഇപ്രാവശ്യത്തെ ഓണത്തിന് ആട് ബിജു കണക്കു തീര്‍ത്ത് പ്രതികാരം ചെയ്തു. വടത്തില്‍ തൂങ്ങി മറുകര എത്തി. അങ്ങനെ വിജയന്‍ ചേട്ടന്‍ ആറ് വര്‍ഷമായി ഹോള്‍ഡ്‌ ചെയ്തിരുന്ന കിരീടം ആട് ബിജുവിന്റേതായി. ജയിച്ചു കഴിഞ്ഞ ശേഷം ഇട്ടിരുന്ന ബനിയനൂരി അവന്‍ ആഹ്ലാദം പ്രകടിപ്പിച്ചു. തന്റെ ശരീര സൌന്ദര്യത്തില്‍ ആ പഞ്ചായത്തിലെ മുഴുവന്‍ പെണ്‍കുട്ടികളും മയങ്ങിപ്പോയെന്ന് ആട് ബിജു അവകാശപ്പെട്ടു.

കിരീട ധാരണത്തിന് ശേഷം ആട് ബിജുവിന് നാട്ടില്‍ ഒരു മേല്‍വിലാസമായി. എന്നാലും ആ പേരിനു മാത്രം ഒരു മാറ്റവുമില്ല. ചിലപ്പോള്‍ അവന്റെ അമ്മ പോലും ആ പേരിലാണ് അവനെ വിളിക്കാറുള്ളത്.

ബിജു സ്ഥലത്തെ ഒരു ഇഷ്ടിക കമ്പനിയിലാണ് ജോലി ചെയ്യുന്നത്. നല്ല അധ്വാനിയായതിനാല്‍ മുതലാളിക്ക് അവനെ വല്യ കാര്യവുമായിരുന്നു. ചെളി കുഴച്ച്  അച്ച് നിരത്തി അതില്‍ ചെളി നിറച്ച് ചുട്ടെടുത്താണ്  ഇഷ്ടികയുണ്ടാക്കുന്നത്.  രണ്ടു പേരുടെ പണി അവന്‍ ഒറ്റയ്ക്ക് ചെയ്യും , അതു കൊണ്ടു തന്നെ അവന് അല്പം കൂലി കൂട്ടികൊടുക്കാന്‍ മുതലാളിക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല.

പനിയോ ജലദോഷമോ വന്നാല്‍ ബിജുവിന് ഒരു ഒറ്റമൂലിയുണ്ട്, നേരെ ഷാപ്പില്‍ പോയി രണ്ടെണ്ണം  അടിക്കുക. കൂടെ നല്ല കുരുമുളകിട്ടുണ്ടാക്കിയ ചൂട് താറാവിറച്ചിയും .... പിറ്റേന്ന്  പനി പമ്പ കടക്കുമെന്നാണ് ബിജുവിന്റെ ഭാഷ്യം.

അന്നേതോ ജലദോഷം പ്രമാണിച്ച് ഷാപ്പില്‍ നിന്നും രണ്ടെണ്ണം കൂടുതലടിച്ചിട്ടാണ് അവന്‍ വീട്ടിലെത്തിയത്.

"നീ വല്ലതും കഴിച്ചോ ..?" ....  അകത്ത് നിന്നും അമ്മയാണ്.

"ആ ..... കഴിച്ചു.....  അമ്മ ഇതു വരെ ഉറങ്ങിയില്ലെ...?"  അലസമായി ചോദിച്ചു കൊണ്ട്  അവന്‍     മുറിയിലേക്ക്  കയറി. നേരെ കട്ടിലിലേക്ക് വീണു.    

"എടാ നിന്നെ അന്വേഷിച്ച് ഒരു പെണ്ണ് വന്നിരുന്നു.. "

ബിജു കട്ടിലില്‍ നിന്നും ചാടി എഴുന്നേറ്റു ....  അവന്‍ ഒന്ന് ഞെട്ടി. ഒരു പെണ്ണ് തന്നെ അന്വേഷിച്ച് വീട്ടില്‍ വരുകയൊ.. ?.... അവന്‍ അമ്മയുടെ അടുത്തെത്തി.

"ശരിക്കും അങ്ങനൊന്നുണ്ടായോ.... ?"

"എങ്ങനെ... ?"

"അല്ല .... എന്നെ അന്വേഷിച്ച് ആരെങ്കിലും വന്നിരുന്നോ ...?"

"ഓ ... ഒരു പെണ്ണ് ..... നീ  ഒണ്ടോന്നു ചൊദിച്ചു... ഞാന്‍ ഇല്ലാന്നും പറഞ്ഞു.... അവള്‍ പോവേം ചെയ്തു... "

"അവളുടെ പേര്  ചോദിച്ചില്ലേ... ?"

"ഇല്ല.... എനിക്ക് അടുക്കളയില്‍ ഒരു നൂറു കൂട്ടം പണിയുള്ളപ്പോഴാ..."

'എന്നാലും അവള്‍ ആര് . ?'

അന്നവന് ഉറങ്ങാനേ കഴിഞ്ഞില്ല.

ഇനി ഓണത്തിന് താന്‍ ഷര്‍ട്ടൂരി ആഹ്ലാദം പ്രകടിപ്പിച്ചപ്പോള്‍ അത് കണ്ട ഏതെങ്കിലും പെണ്‍കുട്ടിയായിരിക്കും...

അവന്റെ രാവുകള്‍ നിദ്രാ വിഹീനങ്ങളായി.

ഒരു പെണ്‍കുട്ടി വീട്ടില്‍ വന്ന് അന്വേഷിക്കുക , തന്നെ കാണാതെ മടങ്ങുക.... തുടര്‍ന്നുള്ള നാലഞ്ചു ദിവസങ്ങളില്‍ അവന്‍ ജോലിക്ക് പോയില്ല..... അവളെങ്ങാനും അന്വേഷിച്ച് വന്നാലോ...?.  എന്തിന് ഷാപ്പില്‍ പോലും പോയിട്ടില്ല, ആദ്യം കുറെ ബുദ്ധിമുട്ടുകളുണ്ടായെങ്കിലും പിന്നീട് അതൊരു ശീലമായി. അങ്ങനെ ബിജു കള്ളുകുടി പോലും ഉപെക്ഷിച്ചു!.

ആറാം നാള്‍ ഒരാള്‍ അവനെ അന്വേഷിച്ചെത്തി. അത് മറ്റാരും ആയിരുന്നില്ല.... അവന്‍ ജോലി ചെയ്തിരുന്ന ഇഷ്ടിക കമ്പനി മുതലാളി ലംബോധരന്‍ പിള്ളയായിരുന്നു. വല്ല അസുഖവും പിടിച്ചാണ് പണിക്ക് വരാത്തതെന്ന് വിചാരിച്ച് ഒന്ന് കാണാനാണ് അദ്ദേഹം വന്നത്. എന്നാല്‍ കണ്ടത് കുളിച്ച് കുറിയും തൊട്ടു ഉമ്മറത്തിരിക്കുന്ന ബിജുവിനെയാണ്.  'നാളെ മുതല്‍ പണിക്കു വന്നില്ലെങ്കില്‍ പിന്നെ അങ്ങോട്ട്‌ വരണ്ട', എന്ന താക്കീത് നല്‍കിയിട്ടാണ് ലംബോധരന്‍ പിള്ള മടങ്ങിയത്.

പിറ്റേന്ന് തൊട്ട് ബിജു വീണ്ടും ഇഷ്ടിക കമ്പനിയില്‍ ജോയിന്‍ ചെയ്തു..... ആഴ്ച ഒന്ന് കഴിഞ്ഞിട്ടും അവളെ പറ്റി ഒരു വിവരവും കിട്ടിയില്ല. ഒടുക്കം അവന്‍ കൂട്ടുകാരോട് പറയാന്‍ തീരുമാനിച്ചു. അമ്മ പറഞ്ഞ ലക്ഷണങ്ങളൊക്കെ വച്ച് നോക്കിയിട്ടും ആ പഞ്ചായത്തിലെങ്ങും അങ്ങനൊരു പെണ്ണിനെ കണ്ടു പിടിക്കാനായില്ല.

രണ്ട് ദിവസത്തിന് ശേഷം കൂട്ടുകാരന്‍ അരവിന്ദനാണ് ആ കാര്യം പറഞ്ഞത്.....

"നീ പറഞ്ഞ ലക്ഷണങ്ങളൊക്കെയുള്ള ഒരു കുട്ടി വില്ലേജില്‍ ജോലി ചെയ്യുന്നുണ്ട്...."

കേട്ട പാതി .... കേള്‍ക്കാത്ത പാതി..... ബിജു വില്ലജാഫീസിലേക്ക്  തിരിച്ചു, കൂടെ ഇഷ്ടിക കളത്തിലെ കൂട്ടുകാരും. അര മണിക്കൂറിനുള്ളില്‍ വില്ലേജ് ആഫീസിലെത്തി. ബിജുവുന്റെ ഹൃദയം ഉച്ചത്തില്‍ വൈബ്രേറ്റ് ചെയ്തു. ഒരാഴ്ചയായി താന്‍ തിരയുന്ന പെണ്‍കുട്ടി. അവര്‍ വില്ലജാഫീസില്‍ കയറി മൊത്തത്തില്‍ അരിച്ചു പെറുക്കിയിട്ടും പെണ്‍കുട്ടികളെയാരെയും കണ്ടില്ല.

വില്ലേജ് ആഫീസര്‍ പിള്ള സാര്‍ പുറത്തേക്കു വന്നു. കൂട്ടുകാര്‍ കാര്യം വിശദമാക്കി.

"ഇവിടെ അങ്ങനെ പെണ്‍കുട്ടികളൊന്നുമില്ല..... പിന്നെ ഒരാഴ്ചത്തേക്ക് സര്‍വേ ആവശ്യത്തിന് വേണ്ടി ഒരു കുട്ടിയെ അപ്പൊയിന്റു ചെയ്തിട്ടുണ്ടായിരുന്നു.... അവള്‍ ജോലി കഴിഞ്ഞ് ഇന്നലെ തിരിച്ചു പോയി.

"അതെ .... എന്തായിരുന്നു ജോലി..?"... കൂട്ടുകാര്‍ ചോദിച്ചു.

"ഗവണ്മെന്റ്  ഓര്‍ഡര്‍ പ്രകാരം ഒരു വില്ലേജിനു കീഴിലുള്ള വീടുകളിലെല്ലാം ഒരു സര്‍വേ ഉണ്ടായിരുന്നു. ഏതൊക്കെ വീട്ടില്‍ വളര്‍ത്തു മൃഗങ്ങള്‍ ഉണ്ട്.... ഉണ്ടെങ്കില്‍ അവ എത്ര എണ്ണം എന്നറിയാനായിരുന്നു സര്‍വേ. .... ആവശ്യമുള്ളവര്‍ക്ക് ആട്ടിന്‍ കുട്ടികളെയും , കോഴി കുഞ്ഞുങ്ങളെയും സബ്സിഡിയോടെ കൊടുക്കും. ..... എന്താ ആര്‍ക്കെങ്കിലും ആവശ്യമുണ്ടോ..? പിള്ള സാര്‍ എല്ലാവരുടെയും മുഖത്തേക്ക് നോക്കി.

കേട്ടു നിന്നവര്‍ക്കെല്ലാം കാര്യം പിടി കിട്ടി....

അവള്‍ ആട് ബിജുവിന്റെ വീട്ടില്‍ ചെന്ന് ... 'ആടുണ്ടോ..?' എന്ന് ചോദിച്ചു കാണും. പറഞ്ഞും കേട്ടും ശീലമായതു കൊണ്ട്  'ആടുണ്ടോ...?' എന്ന് കേട്ട്   'ബിജുവുണ്ടോ' എന്നായിരിക്കും അമ്മ ധരിച്ചത് .... 'പുറത്താണ്' എന്നും പറഞ്ഞു കാണും. അവള്‍ ആടിനെ വല്ല പുല്ലോ മറ്റോ തീറ്റിക്കാന്‍ പുറത്തു കൊണ്ട് പോയി എന്ന് കരുതിക്കാണും.

അവിടെ കൂടി നിന്നവരെല്ലാം ചിരിച്ചു പോയി.....

എല്ലാവരും ബിജുവിനെ നോക്കി. അവന്‍  വില്ലേജാഫീസിന്റെ തൂണില്‍ ചാരി നിന്ന് ആടുകയാണ്. കൂട്ടുകാര്‍ അവനെ തട്ടി നോക്കി.... ബോധം പോയി അവന്‍ പുറകിലേക്ക് മറിഞ്ഞു. ഒരു സോഡ വാങ്ങി പൊട്ടിച്ച് ബിജുവിന്റെ മുഖത്തേക്ക് തളിച്ചു. അല്‍പ സമയത്തിനകം അവന്‍ കണ്ണ് തുറന്നു.

എണീറ്റ പാടെ ആട് , പെണ്ണ് എന്നൊക്കെ പിച്ചും പേയും പറയാന്‍ തുടങ്ങി. ആട് എന്ന ജീവിയോട് ജീവിതത്തിലാദ്യമായ്‌ അവന് കഠിനമായ വെറുപ്പ്‌ തോന്നി. ആട് എന്ന ജീവിയുമായി ഇനി ജീവിതത്തില്‍ ഒരു ബന്ധവുമില്ല, എന്ന് വില്ലേജാഫീസിന്റെ മുറ്റത്ത്‌ വച്ച് ദൃഡ പ്രതിജ്ഞയെടുത്ത ശേഷം ആട് ബിജു പുറത്തേക്കിറങ്ങി..... ശങ്കരന്‍ ചേട്ടന്റെ ഷാപ്പിലേക്ക്....         
   
                 ******************************************************

17 അഭിപ്രായങ്ങൾ:

  1. നര്‍മം നന്നായി വഴങ്ങുന്നുണ്ട്. കൂടുതല്‍ കഥകള്‍ പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. പുളുവാണെങ്കിലും വായിക്കാന് രസമുണ്ട്...ഇനിയും എഴുതുക

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മനസ്സിലായി അല്ലെ..? ... വെറും പുളു.... ഇനിയും പ്രതീക്ഷിക്കാം...

      ഇല്ലാതാക്കൂ
  3. ആട് ബിജുവിന്‍റെ കഥ നന്നായി പറഞ്ഞു.

    മറുപടിഇല്ലാതാക്കൂ
  4. കൊള്ളാം, ഇനിയും പോരട്ടെ പുളുക്കഥകൾ..

    മറുപടിഇല്ലാതാക്കൂ
  5. മിനി.പി.സി2013, ജൂൺ 14 10:50 AM

    ഹാ ..ഹാ.......ഹാ.....ഈ ആട് ബിജുവിന്‍റെ ഒരു കാര്യം .നല്ല നര്‍മം

    മറുപടിഇല്ലാതാക്കൂ
  6. ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി, പിന്നെയും കപ്പി. രക്ഷയില്ല മോനേ. നീ ഒരു സംഭവം തന്നെ.
    ഷാജി ബെര്‍ലി

    മറുപടിഇല്ലാതാക്കൂ
  7. >> എല്ലാവരും ബിജുവിനെ നോക്കി. അവന്‍ വില്ലേജാഫീസിന്റെ തൂണില്‍ ചാരി നിന്ന് ആടുകയാണ്. കൂട്ടുകാര്‍ അവനെ തട്ടി നോക്കി.... ബോധം പോയി അവന്‍ പുറകിലേക്ക് മറിഞ്ഞു. ഒരു സോഡ വാങ്ങി പൊട്ടിച്ച് ബിജുവിന്റെ മുഖത്തേക്ക് തളിച്ചു. അല്‍പ സമയത്തിനകം അവന്‍ കണ്ണ് തുറന്നു. <<

    കലക്കി മച്ചാ കലക്കി.
    ഈ ആട്ബിജു നമ്മുടെ ആട്ആന്റണിയുടെ ആരേലും ആണോ ആവോ!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കമന്റിനു താങ്ക്സ് മച്ചാ..... ഈ ആട് ബിജു ആട് ആന്റണിയുടെ ... വകേലൊരു അമ്മാവന്റെ അനന്തിരവന്റെ ഭാര്യേടെ ചേട്ടന്റെ....അളിയന്റെ ഒരു ഫ്രണ്ട് ആയി വരും....വളരെ അടുത്ത ബന്ധാ.....

      ഇല്ലാതാക്കൂ
  8. ഹാ ഹാ ഹാ.സൂപ്പർ നുണക്കഥ.ചിരിച്ചു.

    അടുത്ത
    പോസ്റ്റ്‌
    വരട്ടെ .

    മറുപടിഇല്ലാതാക്കൂ