2013, ഫെബ്രുവരി 10, ഞായറാഴ്‌ച

ഉത്തര കാണ്ഡം

                                                                                                                                                ആലപ്പുഴ
                                                                                                                                              10/02/2013
നേരം ഇരുളുന്നു, ഞാന്‍ കടപ്പുറത്ത് നിന്നും എഴുന്നേറ്റു. ഇന്ന് ഏറെ നേരം ഈ മണല്‍പ്പരപ്പില്‍ ഇരുന്നു പോയി. ഇന്ന് തന്റെ ജീവിതത്തിലെ അവസാന ദിവസമല്ലേ.. അവസാന സൂര്യാസ്തമയം കണ്‍ കുളിര്‍ക്കെ കണ്ടു. ഇനിയൊരു സൂര്യോദയം കാണാന്‍ താന്‍ ഈ ഭൂമിയില്‍ ഇല്ല.

ബാങ്ക് അക്കൗണ്ട്‌ ക്ലോസ് ചെയ്ത വകയില്‍ ഒരു പതിനേഴായിരം രൂപ കയ്യിലുണ്ട്. ഇത്രയും കാലത്തെ ജീവിതത്തിലെ സമ്പാദ്യം , എനിക്ക് ചിരി വന്നു. കടല്‍ത്തീരത്ത്‌ കടലിനു അഭിമുഖമായി ഒരു വലിയ റെസ്ടോറെന്റുണ്ട് .... ഹോട്ടല്‍ 'സീ വ്യൂ'. വലിയ ധനികരും വിദേശികളും മാത്രം കയറുന്നിടം. വളരെ നാളത്തെ ആഗ്രഹമാണ്  അതില്‍ കയറി എന്തെങ്കിലും കഴിക്കുക എന്നത്.

ഞാന്‍ ഹോട്ടലിലേക്ക്  പ്രവേശിച്ചു. റിസപ്ഷനിലെ തരുണീമണികള്‍ സ്വാഗതം പറഞ്ഞു. റെസ്ടോറെന്റ്   മുകളിലാണ്, ലിഫ്റ്റ്‌ കയറി മുകളിലെത്തി. വളരെ വൃത്തിയായി സജ്ജീകരിച്ചയിടം. മഞ്ഞ കലര്‍ന്ന ഓറഞ്ച് വെളിച്ചം അവിടെയെങ്ങും നിറഞ്ഞു നിന്നു. നേര്‍ത്ത സംഗീത ധാര എവിടെ നിന്നോ ഒഴുകി വരുന്നു. ഞാന്‍ ചുറ്റും കണ്ണോടിച്ചു, വൃത്തിയായി വസ്ത്ര ധാരണം ചെയ്ത ആളുകള്‍ മേശയ്ക്ക്  ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുന്നു. ചിലര്‍ സംസാരിച്ചു കൊണ്ടിരിക്കുന്നു. വെയ്റ്റേഴ്സ് അങ്ങുമിങ്ങും നടക്കുന്നു. എനിക്ക് എവിടെയിരിക്കണമെന്ന് ഒരു ആശയക്കുഴപ്പമുണ്ടായി. എന്റെ ബുദ്ധിമുട്ട് കണ്ടു ഒരു പയ്യന്‍ അടുത്തേക്ക് വന്നു. ക്ലീനിംഗ് ആയിരിക്കാം അവന്റെ ജോലിയെന്ന് ഞാനൂഹിച്ചു. അവന്‍ എനിക്ക് ഒരു സീറ്റ്‌ കാണിച്ചു തന്നു. കൊള്ളാം  റെസ്ടോറെന്റിന്റെ ഒരു മൂലയിലാണ്, അധികമാരും ശ്രദ്ധിക്കാത്തയിടം. ചെറിയ മേശയാണ് രണ്ടു പേര്‍ക്ക് മാത്രം ഇരിക്കാവുന്നവ.

ഇവിടിരുന്നാല്‍ ഗ്ലാസ്സിലൂടെ കടലും കാണാം ... ഞാന്‍ കര്‍ട്ടനിടയിലൂടെ പുറത്തേക്കു നോക്കി, ദൂരെ ലൈറ്റ് ഹൌസ് തലയുയര്‍ത്തി നില്‍ക്കുന്നു. ഒരു കപ്പലിന്റെ പുകക്കുഴല്‍ ചക്രവാളത്തില്‍ കാണാം. 

"സര്‍.... മെനു..." .....  വെയ്ട്ടര്‍ മെനു കാര്‍ഡ്‌ കൊണ്ട് ടേബിളില്‍ വച്ചു. 

നാല് പേജൂള്ള  ഒരു വലിയ ലിസ്റ്റ്..  ഞാന്‍ അതിലൂടെ കണ്ണോടിച്ചു.  'സീവ്യൂ  സ്പെഷ്യല്‍'------         Rs: 5000/- ' മെനുവിലെ ഏറ്റവും വില കൂടിയ ഐറ്റം.  ഞാന്‍ അതു തന്നെ ഓര്‍ഡര്‍ ചെയ്തു. അര മണിക്കൂറെടുത്തു അത് കിട്ടാന്‍. പലയിനം സീ ഫുഡ്സ്  നിറഞ്ഞ ഒരു വിശിഷ്ട ഭക്ഷണം. ഞാന്‍ കഴിച്ചു കഴിഞ്ഞ് വെയ്ടര്‍ക്ക് ടിപ്പും കൊടുത്ത് പുറത്തേക്കിറങ്ങി.

സമയം 8.30... കയ്യില്‍ പന്ത്രണ്ടായിരം രൂപ ബാക്കിയുണ്ട് . കന്യാസ്തീകള്‍ നടത്തുന്ന ഒരു ഓര്‍ഫനേജ്  അടുത്തുണ്ട്. അവിടെ കയറി പതിനായിരം രൂപ ഡൊണേറ്റ് ചെയ്യാന്‍ തീരുമാനിച്ചു. അവിടുത്തെ ഹെഡ് സിസ്റ്റര്‍ റോസ്മേരി സംഭാവന കൈപ്പറ്റി രസീത് തന്നു. 'ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ' ... എന്ന് ആശീര്‍വദിച്ചു. 'അനുഗ്രഹിക്കട്ടെ'... ഞാന്‍ മനസ്സില്‍ പറഞ്ഞു. 

ഇവിടുന്ന് പത്തു മിനിട്ട് നടക്കണം ദ്വാരകാ ലോഡ്ജിലേക്ക് ... ' ദ്വാരകാ  ലോഡ്ജ് '--- ഈ കിഴക്കിന്റെ വെനീസില്‍ തനിക്ക് അഭയം തന്ന ലോഡ്ജ് . മാസ വാടക ആയിരം രൂപ. ഓ ഞാന്‍ പറയാന്‍ മറന്നു...  ഞാന്‍ ഇവിടെയെത്തിയിട്ട് ഇന്നേക്ക് എട്ട്‌ മാസം തികയുന്നു. ടൌണിലെ 'മണി ഗ്രോ' ഫിനാന്‍സിലാണ് ജോലി. ഞാന്‍ വളര്‍ന്നത്‌ ഇടുക്കിയിലെ സെന്റ്‌ പീറ്റെഴ്സ്  ഓര്‍ഫനേജിലാണ്. ഡിഗ്രി പഠനം കഴിഞ്ഞ് ഒരു ജോലിയില്‍ പ്രവേശിച്ചു അവിടുത്തെ സ്ഥാപന മേധാവി ഫാദര്‍ ആന്റണി എനിക്ക് അവരുടെ സ്ഥാപനത്തില്‍ തന്നെ ജോലി തന്നു. ഊര്‍ജ സ്വലമായി തന്നെ ഞാന്‍ ജോലി ചെയ്തു. ഒരു വര്‍ഷത്തിന് ശേഷമാണ് വല്ലാത്ത മാനസിക അസ്വാസ്ഥ്യം ആരംഭിച്ചത്. മെഡിക്കല്‍ സയന്‍സ് 'സ്കിസോ ഫ്രീനിയ' എന്ന് വിളിക്കുന്ന മാനസിക വിഭ്രാന്തി രോഗം. ചെറുപ്പത്തില്‍ ഒരപകടം നേരില്‍ കണ്ടതിന്റെ പരിണിത ഫലം. ആ അപകടത്തില്‍ എനിക്ക് അച്ഛനും അമ്മയും നഷ്ടമായി, തുടര്‍ന്നുള്ള ജീവിതം ഈ   ഓര്‍ഫനേജിലായിരുന്നു.


രോഗം കൂടിയതോടെ ജോലിയില്‍   അനുനിമിഷം ശ്രദ്ധ കുറഞ്ഞു വന്നു. ചികിത്സയും മറ്റുമായി ഒരു  വര്‍ഷം  കൂടി കഴിഞ്ഞു . കൂടുതല്‍ കാലം അച്ഛനെ ബുദ്ധിമുട്ടിച്ച് അവിടെ നില്‍ക്കാന്‍ തോന്നിയില്ല രോഗം അല്പം കുറഞ്ഞപ്പോള്‍ ഇവിടെയുള്ള ഒരു സുഹൃത്ത്‌ മുഖേനയാണ് മണി ഗ്രോയില്‍ ജോലി കിട്ടിയത്.   അങ്ങനെ എട്ടു  മാസം മുന്‍പ് ഇവിടെ ജോയിന്‍ ചെയ്തു.

ഇവിടെയെത്തി ആദ്യത്തെ രണ്ടു മാസം വലിയ കുഴപ്പമൊന്നുമില്ലായിരുന്നു. പക്ഷെ പതിയെ അസുഖം തല പൊക്കി തുടങ്ങി. കൌണ്ടറില്‍  കാഷ് ടാലി ആക്കാന്‍ ഞാന്‍ വളരെ ബുദ്ധിമുട്ടി. ജോലി കൃത്യ സമയത്ത് ചെയ്തു തീര്‍ക്കാന്‍ ഞാന്‍ വളരെ കഷ്ടപ്പെട്ടു. ആര്‍ക്കും വേണ്ടാത്ത ഈ ജീവിതം അവസാനിപ്പിക്കാന്‍ അന്നേ തീരുമാനിച്ചതാണ് അവിടുന്നങ്ങോട്ട് ഈ ജീവിതം ആറു മാസം കൂടി നീട്ടി കിട്ടിയതിന് നന്ദി ഒരാളോട് മാത്രം.... മഞ്ജരി.... അവള്‍ ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്റ്റെനൊഗ്രാഫറാണ്. എന്നും രാവിലെ കാണുന്ന അവളുടെ ചിരിച്ച മുഖം എനിക്ക് എന്തെന്നില്ലാത്ത ഉത്സാഹം നല്‍കി. ഞാന്‍ മുകളിലെ നിലയിലും അവള്‍ താഴത്തെ നിലയിലുമാണ് ഇരിക്കുന്നത്, അവളുടെ മുന്നില്‍ കൂടിയാണ് ഞാന്‍ എന്നും  മുകളിലേക്ക് കയറുന്നത്. അവളെ കാണുന്ന ഓരോ ദിവസവും എന്റെ ആയുസ്സില്‍ ഓരോ ദിവസം കൂടുതല്‍ നല്‍കി. ഒറ്റപ്പെട്ട ഈ ലോഡ്ജ് മുറിയില്‍ അവളെ കുറിച്ചുള്ള ഓര്‍മ്മകള്‍ വലിയ ആശ്വാസമായിരുന്നു. അവളില്ലാത്ത ഒരു ദിവസം എങ്ങനെയെങ്ങിലും പെട്ടെന്ന് തീരണേയെന്നായിരുന്നു എന്റെ പ്രാര്‍ത്ഥന. ഒരിക്കലും പറഞ്ഞിട്ടില്ലെങ്കിലും ആ കണ്ണുകള്‍ പറയുമായിരുന്നു അവള്‍ക്കെന്നെ ഇഷ്ടമാണെന്ന്. പക്ഷെ  അവളെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാന്‍ എനിക്കാവുമായിരുന്നില്ല. ഏത് നിമിഷവും ഞാന്‍ ഒരു മുഴു ഭ്രാന്തനായേക്കാം.... ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന നേര്‍ത്ത ഭിത്തിയില്‍ മൂര്‍ച്ചയുള്ള അരം കൊണ്ട് ഉരസ്സുന്നത് പോലുള്ള അനുഭവം.

നടന്നു നടന്നു ലോഡ്ജിനടുത്തെത്തി , ഓരോന്നാലോചിച്ച് നടന്നതിനാല്‍ സമയം പോയതറിഞ്ഞില്ല
ഇന്ന് ഫെബ്രുവരി 10 തന്റെ ജന്മ ദിനമാണല്ലോ ഒരു നിമിഷം വെറുതെ ഓര്‍ത്തു പോയി.
പണ്ടെങ്ങോ ആഘോഷിച്ച് മറന്നു പോയ ദിവസം.

ലോഡ്ജിന് അകത്തേക്ക് കയറിയപ്പോള്‍ കൌണ്ടറില്‍ ധര്‍മലിംഗം. -- ധര്‍മലിംഗം ദ്വാരകാ ലോഡ്ജിന്റെ പാര്‍ട്ട്‌നറാണ്.

" എന്ന തമ്പീ ... സൌഖ്യം തന്നെ...?"   പതിവ്  ശൈലിയിലുള്ള അഭിവാദ്യം.

ഞാന്‍ കൌണ്ടറിലേക്ക് ചെന്നു. ബാക്കിയുള്ള രണ്ടായിരം രൂപ അവിടെ ഏല്‍പ്പിച്ചു

"എന്ന തമ്പീ രണ്ടായിരം.... ആയിരം താന്‍ പോതും ..."

"സാരമില്ല ചിലപ്പോള്‍ അടുത്ത മാസം തരാന്‍ പറ്റിയില്ലെങ്കിലോ....?"

എന്റെ മുറി രണ്ടാം നിലയില്‍ ഏതാണ്ട് മദ്ധ്യ ഭാഗത്താണ്. ഞാന്‍ മുറിയിലെത്തി, വാതിലടച്ച്‌ കുറ്റിയിട്ടു. നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന വിഷ ദ്രാവകം കട്ടിലിന്റെ സൈഡില്‍ നിലത്ത് ഒരു കുപ്പിയിലുണ്ടായിരുന്നു. സമയം 10.30 , ലോകം ഉറക്കത്തിലേക്ക് പോകുന്ന സമയം.... അവസാനമായി ഒരൊറ്റ പ്രാര്‍ത്ഥന മാത്രം. ഇനിയൊരു ജന്മമുണ്ടെങ്കില്‍ അത് വീണ്ടും ഈ പച്ചച്ച മലയാള മണ്ണില്‍ തന്നെയാവണം. ഓര്‍മ്മയിലേക്ക് അച്ചന്‍ , അമ്മ , ഓര്‍ഫനേജ് , ഫാദര്‍ ...... അവസാനമായി മഞ്ജരി.......പ്രിയപ്പെട്ടവരേ നിങ്ങളൊക്കെ അടുത്ത ജന്മത്തിലും എന്റെ വേണ്ടപ്പെട്ടവര്‍ തന്നെയാകണമേ..... കാലമേ വിട...... ലോകമേ വിട...... പ്രപഞ്ചമേ വിട....... വീണ്ടും കാണും വരെ....... ഇനിയൊരു ജന്മമുണ്ടെങ്കില്‍.........  

                    *************************************************

6 അഭിപ്രായങ്ങൾ:

  1. ശ്ശേ...അത് വേണ്ടാരുന്നു കേട്ടോ

    മറുപടിഇല്ലാതാക്കൂ
  2. എഴുത്തു കൊള്ളാം.
    എന്നാലും, സ്കിസോഫ്രീനിയ ഉള്ളയാൾക്ക് ആത്മഹത്യ മാത്രമല്ല അഭയം.
    ദാ ഇതു നോക്കൂ....
    http://www.jayandamodaran.blogspot.in/2012/10/blog-post_1.html

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Thanx doctor sir for ur valuable comment...... സ്കിസോഫ്രീനിയ എന്ന രോഗത്തെ highlight ചെയ്തു എഴുതിയതല്ല....നായകന്റെ പ്രത്യേക മാനസിക അവസ്ഥ കാണിച്ചെന്നു മാത്രം.... 'അമേയ ' വായിച്ചു.... മനോഹരമായ കഥ... അഭിനന്ദനങ്ങള്‍...

      ഇല്ലാതാക്കൂ