2012, ഡിസംബർ 14, വെള്ളിയാഴ്‌ച

കൊച്ചുവേളി - ബാംഗ്ലൂര്‍ എക്സ്പ്രസ്സ്‌

കൊച്ചുവേളിയില്‍ നിന്നും ബാംഗ്ലൂര്‍ സെന്‍ട്രല്‍ വരെ പോകുന്ന കൊച്ചുവേളി  ബാംഗ്ലൂര്‍ എക്സ്പ്രസ്സ്‌ 18 മണി 45 മിനിട്ടിനകം ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് വന്നെത്തുമെന്ന അറിയിപ്പ് പ്ലാറ്റ്ഫോമില്‍ മുഴങ്ങി.

ട്രെയിന്‍ വരാന്‍ ഇനിയും 25 മിനിട്ട് കൂടിയുണ്ട്. ഞാന്‍ പ്ലാറ്റ്ഫോമിലെ ബഞ്ചില്‍ ഒന്ന് കൂടെ അമര്‍ന്നിരുന്നു. ജോലി ചെയ്യുന്ന കമ്പനിയുടെ ആവശ്യത്തിനായി ഒരു എക്സിക്യൂട്ടീവ് മീറ്റിങ്ങില്‍ പങ്കെടുക്കാനാണ് ബാംഗ്ലൂരിലേക്ക് പോകുന്നത്. അങ്ങനെ ട്രെയിന്‍ കാത്തിരിക്കുമ്പോഴാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ട്രയിനിലെ ഒരു ബാംഗ്ലൂര്‍ യാത്ര ഓര്‍മയില്‍ വന്നത്. 
---------------------------



അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്രസ്തുത സംഭവം നടക്കുന്നത്. ഡിഗ്രി കഴിഞ്ഞു ജോലി അന്വേഷിച്ച് അലയുന്ന കാലം അങ്ങനെ ഇരിക്കെയാണ് ബാംഗ്ലൂരില്‍ ഒരു ഇന്റര്‍വ്യൂ  തരപ്പെട്ടത്. ജോബ്‌ സൈറ്റ് വഴി വന്ന ഇന്റര്‍വ്യൂ ആണ്. അങ്ങനെ ബാംഗ്ലൂര്‍ക്ക് പോകാന്‍ തീരുമാനിച്ചു ബാംഗ്ലൂര്‍ ഒന്ന് കാണുകയും ചെയ്യാമല്ലോ.  ഇന്റര്‍വ്യൂവിന് രണ്ടു ദിവസം മുന്‍പ് കായംകുളം റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ്‌ റിസേര്‍വ് ചെയ്യാന്‍ ചെന്നു. എന്നാല്‍ ബാംഗ്ലൂര്‍ക്കുള്ള ടിക്കറ്റുകളൊന്നും ലഭ്യമല്ലായിരുന്നു.   കൊച്ചുവേളി - ബാംഗ്ലൂര്‍ എക്സ്പ്രസ്സില്‍  തത്കാല്‍  ടിക്കറ്റ്‌ ലഭ്യമായിരുന്നു. പക്ഷെ ട്രെയിനിനു കായംകുളത്ത് സ്റ്റൊപ്പില്ല , ആലപ്പുഴയില്‍ നിന്നും കയറണം. എന്തായാലും ടിക്കറ്റ്‌ എടുക്കാന്‍ തീരുമാനിച്ചു. 

യാത്രയ്ക്കുള്ള ദിവസമായി ........  ട്രെയിന്‍ വൈകിട്ട് 7:05 നാണ് ആലപ്പുഴയില്‍ എത്തുന്നത്‌ ഞാന്‍ 4 മണിക്ക് വീട്ടില്‍ നിന്നും പുറപ്പെട്ടു. 6 മണിക്ക് ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ എത്തി. ഇനിയും  ഒരു  മണിക്കൂറോളം സമയം ഉണ്ട്.  സ്റ്റേഷനടുത്തുള്ള ഹോട്ടലില്‍ നിന്നും കാപ്പി കുടിച്ചു. ട്രെയിന്‍ എത്താറാകുന്നു എന്നാ അനൗണ്‍സ്മെന്റ് പ്ലാറ്റ്ഫോമില്‍ മുഴങ്ങി. ഞാന്‍ ഒന്ന് കൂടെ ടിക്കറ്റെടുത്ത് നോക്കി , s 5  കോച്ചിലെ പതിനേഴാം നമ്പര്‍ ബര്‍ത്താണ് എനിക്ക് കിട്ടിയിരിക്കുന്നത്. കോച്ച് വന്ന് നില്‍ക്കുന്ന പൊസിഷന്‍ നോക്കി ഞാന്‍ അവിടെ നിന്നു. അല്‍പ്പ സമയത്തിനകം ട്രെയിന്‍ എത്തി. പതിനേഴാം നമ്പര്‍ കണ്ടു പിടിച്ചു , മിഡില്‍ ബര്‍ത്താണ്. ഞാന്‍ സീറ്റില്‍ ഇരുന്നു. പത്ത് മിനിട്ടിനകം ട്രെയിന്‍ സ്റ്റേഷന്‍ വിട്ടു. 

എന്റെ കംപാര്‍ട്ട്മെന്റില്‍ എന്നെ കൂടാതെ അഞ്ച് പേര്‍ കൂടി ഉണ്ടായിരുന്നു. എന്റെ സീറ്റില്‍   ഒരു പെണ്‍കുട്ടി, എതിരെയുള്ള സീറ്റില്‍ ഒരു വയസ്സായ മനുഷ്യന്‍ , അപ്പര്‍ ബര്‍ത്തില്‍ ഒരു ചെറുപ്പക്കാരന്‍ , സൈഡ് സീറ്റില്‍ രണ്ട് കന്നടക്കാര്‍. പണ്ട് തൊട്ടേ ഉള്ള ശീലമാണ് - ചുറ്റും കാണുന്നതെല്ലാം ഒബ്സര്‍വ് ചെയ്യുക എന്നത്.... അതിനാല്‍ എല്ലാവരെയും നന്നായി ശ്രദ്ധിച്ചു കൊണ്ടിരുന്നു. എന്റെ സീറ്റിലിരിക്കുന്ന പെണ്‍കുട്ടിക്ക് ഉദ്ദേശം 20 വയസ്സ് പ്രായം കാണും. അവള്‍ മൊബൈല്‍ ഫോണില്‍ ഇയര്‍ ഫോണ്‍ ഉപയോഗിച്ച് പാട്ട് കേള്‍ക്കുന്നു. എതിരെയുള്ള വയസ്സന്‍ ഒരു പുസ്തകം വായിച്ചു കൊണ്ടിരിക്കുന്നു. അപ്പര്‍ ബര്‍ത്തിലുള്ള ആള്‍ കിടക്കുകയാണെന്ന് തോന്നുന്നു. സൈഡ് സീറ്റിലെ കന്നടക്കാര്‍ അവരുടെ ഭാഷയില്‍ എന്തോ  സംസാരിക്കുന്നു.  ഈ വയസ്സായ മനുഷ്യന്‍ പെണ്‍കുട്ടിയുടെ അച്ഛനായിരിക്കും, അല്ലാതെ ഒരു പെണ്‍കുട്ടി രാത്രിയില്‍ ഒറ്റയ്ക്ക് ദീര്‍ഘ ദൂര യാത്ര ചെയ്യാന്‍ വഴിയില്ലല്ലോ....... അവളോടെന്തെങ്കിലും ചോദിക്കണമെങ്കില്‍ ചെവിയില്‍ നിന്നും ഇയര്‍ ഫോണ്‍ മാറ്റണമല്ലോ.....

റെയില്‍വേ കാറ്ററിംഗ് ജോലിക്കാര്‍ ഭക്ഷണ പാക്കറ്റുകളുമായി വരികയും പോവുകയും ചെയ്യുന്നു. അപ്പര്‍ ബര്‍ത്തില്‍ കിടന്ന ചെറുപ്പക്കാരന്‍ കൈയെത്തി ഒരു പാക്കറ്റ് വാങ്ങിച്ചു. വയസ്സന്‍ ഇപ്പോഴാണ് പുസ്തകത്തില്‍ നിന്നും തലയുയര്‍ത്തുന്നത്. അദ്ദേഹവും ഒരു പാക്കറ്റ് വാങ്ങി. എന്റെ അടുത്തിരുന്ന പെണ്‍കുട്ടിയും ഒരു പൊതി വാങ്ങിച്ചു. അവര്‍ പ്രത്യേകം പണം കൊടുക്കുന്നത് കണ്ടപ്പോള്‍ അവര്‍ അച്ഛനും മകളും അല്ലെന്ന് മനസ്സിലായി. എന്നാലും ഒരു പെണ്‍കുട്ടി തനിച്ച്    ദീര്‍ഘ ദൂര യാത്ര ചെയ്യുകയോ ..??

കന്നടക്കാര്‍  കൂടി ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോള്‍ പൂരി മസാലയുടെയും ബിരിയാണിയുടെയും ഗന്ധം അവിടെങ്ങും പരന്നു. വൈകിട്ട് കഴിച്ചതാണെങ്കില്‍  കൂടി ഞാനും ഒരു പൂരി മസാല വാങ്ങി. ഭക്ഷണ സമയത്ത് പോലും പെണ്‍കുട്ടി ചെവിയില്‍ നിന്നും ഇയര്‍ ഫോണ്‍ മാറ്റിയില്ല. അപ്പര്‍ ബര്‍ത്തിലെ ചെറുപ്പക്കാരന്‍ അവിടിരുന്നു തന്നെ കഴിക്കയാണ് , അയാള്‍ അതിവേഗം കഴിച്ചിട്ട് താഴെയിറങ്ങി കൈ കഴുകിയ ശേഷം വീണ്ടും ബര്‍ത്തില്‍ കയറി ഉറക്കമായി. വയസ്സന്‍ പുസ്തകം മടക്കി വച്ച് കിടന്നു കഴിഞ്ഞു.  ഞാന്‍ ജാവാ - പ്രോഗ്രാമിങ്ങിന്റെ ഒരു ബുക്കും വായിച്ച് കൊണ്ടിരിക്കയാണ്. പെണ്‍കുട്ടി സൈഡ് സീറ്റില്‍ പാട്ടും കേട്ടിരിക്കുന്നു. ഇപ്പോള്‍ ഞങ്ങളുടെ   കംപാര്‍ട്ട്മെന്റില്‍ ലൈറ്റുള്ളത് സൈഡ് ബര്‍ത്തിന്റെ മുകളിലാണ് , അതായത് സൈഡ് അപ്പര്‍ ബര്‍ത്തില്‍ കിടക്കുന്ന കന്നടക്കാരന്റെ തലയ്ക്ക് തൊട്ടു മുകളില്‍!. അയാള്‍ തല വഴി പുതച്ച് കിടക്കയാണ്, ഇടയ്ക്കിടയ്ക്ക് തല പുറത്തെടുത്ത് ഞാന്‍ വായിച്ചു കഴിഞ്ഞോ എന്ന് നോക്കും -- എനിക്കാദ്യം ഇത് മനസ്സിലായില്ലായിരുന്നു. എന്നാലും ലൈറ്റ് ഓഫ്‌ ചെയ്യാന്‍ ആ മഹാമനസ്കന്‍ പറഞ്ഞില്ല. ഒടുക്കം ഞാന്‍ പുസ്തകം മടക്കി വച്ചു, ലൈറ്റ് ഓഫ്‌ ചെയ്ത് കന്നടക്കാരന്‍ ആശ്വാസത്തോടെ കിടന്നു. 

ഇപ്പോള്‍ ഞങ്ങളുടെ   കംപാര്‍ട്ട്മെന്റില്‍ അടുത്ത   കംപാര്‍ട്ട്മെന്റില്‍ നിന്നുള്ള വെട്ടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എനിക്കാണെങ്കില്‍ ഉറക്കവും വരുന്നില്ല. 12 മണിക്ക് ഉറങ്ങിയുള്ള ശീലമാണ്. ലോവര്‍ ബര്‍ത്ത് ഈ കുട്ടിയുടെതായിരിക്കും , ഞാന്‍ അവളെ നോക്കി ..... ആശ്വാസം അവള്‍ ഇയര്‍  ഫോണ്‍ മാറ്റിയിട്ട്  വെളിയിലേക്ക് നോക്കിയിരിക്കുവാരുന്നു.  

"ഹലോ...." ഞാന്‍ ചോദിച്ചു.

അവള്‍ തിരിച്ചും ഹലോ പറഞ്ഞു. അങ്ങനെ ഒരു സംഭാഷണത്തിന് തുടക്കമിട്ടു. അതില്‍ നിന്നും അവള്‍ ബാംഗ്ലൂരില്‍ B D S നു പഠിക്കുന്ന കുട്ടിയാണെന്ന് മനസ്സിലായി പേര് അന്ന , വീട് തിരുവനന്തപുരത്ത്.

ഞാന്‍: " ശരിക്കും ഒറ്റയ്ക്കാണോ യാത്ര ചെയ്യാറുള്ളത്..?"
അന്ന: " മിക്കവാറും ഒറ്റയ്ക്കാ ... ചിലപ്പോള്‍ ഒരു ഫ്രണ്ട് കാണും ... അവള്‍ B sc നഴ്സിങ്ങിനു പഠിക്കുന്നു... അവളുടെ വെകേഷന്‍  തീര്‍ന്നിട്ടില്ല."

ട്രെയിന്‍ തൃശ്ശൂര്‍ പിന്നിട്ടു കഴിഞ്ഞിരുന്നു. സമയം പത്ത് മണി കഴിഞ്ഞു. ഞങ്ങള്‍ വര്‍ത്തമാനം തുടര്‍ന്നു. 

ഞാന്‍: " എന്തെ   B D S തന്നെ തിരഞ്ഞെടുത്തത്...?"
അന്ന: " എന്റെ ഫാമിലിയെല്ലാം അമേരിക്കയിലാ .... കാലിഫോര്‍ണിയയില്‍ , അവിടെ സ്വന്തമായി ഹോസ്പിറ്റലുണ്ട്... "സെന്റ്‌ : അഗസ്റ്റിന്‍സ് ഹൊസ്പിറ്റല്‍"... അവിടെ ഡെന്റല്‍ വിഭാഗം ഒഴിച്ച് ബാക്കി എല്ലാമുണ്ട് .... അവിടേക്ക് പോകാനാണ് ഞാന്‍   B D S താനെ എടുത്തത്‌. 

(കാലിഫോര്‍ണിയയിലേക്ക് ചരക്കു കയറ്റി കൊണ്ട് പോകുന്ന ഉരു ..... എന്ന ഗഫൂര്‍ക്കയുടെ ഡയലോഗ് ആണ് ഓര്‍മയില്‍ വന്നത്.... ദൈവമേ   എന്തെങ്കിലും നടക്കുമോ...?)

കറുത്ത കോട്ടിട്ട ഒരു വവ്വാലിനെപ്പൊലെ TTR  ഇടയ്ക്കിടയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ടായിരുന്നു. ഓരോ വരവിലും പോക്കിലും അയാള്‍ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. ആ സംഭാഷണത്തില്‍ ഞങ്ങളുടെ മനസ്സുകള്‍ തമ്മിലുള്ള അകലം കുറഞ്ഞു കൊണ്ടിരുന്നു. 

സമയം 11 മണി കഴിഞ്ഞിരുന്നു. ഞാന്‍ മിഡില്‍ ബര്‍ത്തിലും അവള്‍ ലോവര്‍ ബര്‍ത്തിലുമാണ്. 'ഗുഡ് നൈറ്റ്‌' പറഞ്ഞു ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. കളര്‍ ഫുള്ളായ സ്വപ്‌നങ്ങള്‍ ഒക്കെയുള്ള ഒരു രാത്രി.  തണുത്ത കാറ്റ് ജനാലയിലൂടെ അരിച്ചു കയറിയപ്പോള്‍ ഞാന്‍ കണ്ണ് തുറന്നു. നേരം പുലര്‍ന്നു കഴിഞ്ഞിരുന്നു, അവള്‍ എന്നീട്ടിരുന്നില്ല. ഞാന്‍ ബാത്‌റൂമില്‍ പോയി ഫ്രഷ്‌ ആയി മടങ്ങി വന്നു. അപ്പോള്‍ അവള്‍ സീറ്റിലുണ്ടായിരുന്നു സമയം 7 മണി കഴിഞ്ഞിരുന്നു. 

'ട്രെയിന്‍ 8.30 നു ബാംഗ്ലൂര്‍ക്ക് ചെല്ലുമെന്ന് അവള്‍ പറഞ്ഞു. ഞാന്‍ പുറത്തെ ബാംഗ്ലൂര്‍ കാഴ്ചകള്‍ കണ്ടു കൊണ്ടിരുന്നു. ആദ്യമായാണല്ലോ അങ്ങോട്ടേക്ക് പോകുന്നത്. എനിക്കിറങ്ങേണ്ടത് മജെസ്റിക് ജന്ക്ഷനിലാണ് . ഇനി അവിടെയെ സ്റൊപ്പുള്ളൂ എന്ന് അവള്‍ പറഞ്ഞു... അവള്‍ക്കു അവിടിറങ്ങി കുറച്ചു ദൂരം തിരിച്ചു വരണം കാരണം കോളേജ് ബാംഗ്ലൂര്‍ കന്റോണ്‍മെന്റ്  എന്ന സ്ഥലത്താണ്.  അവിടിറങ്ങി നടക്കുമ്പോള്‍ അവളുടെ മൊബൈല്‍ നമ്പര്‍ വാങ്ങാമെന്നു ഞാന്‍ കരുതി. കന്റോണ്‍മെന്റ്  അടുക്കാറായപ്പോള്‍ അവള്‍ അവളുടെ കോളേജ് കാണിച്ചു തന്നു. ദൂരെ നീല നിറത്തില്‍ ഒരു ബഹുനില കെട്ടിടം. 

എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി ട്രെയിന്‍  കന്റോണ്‍മെന്റില്‍ നിര്‍ത്തി. അവള്‍ പെട്ടെന്ന് ബാഗുമെടുത്ത്‌ ഇറങ്ങി. വെളിയിലേക്ക് ഇറങ്ങുന്നതിനു മുന്‍പ് ഒരു മാത്ര അവള്‍ തിരിഞ്ഞു നിന്നു... എന്നിട്ട് പതിയെ ഇറങ്ങി..... ഞാന്‍ പിന്നീട് ഓര്‍കുട്ടിലും , ഫേസ് ബുക്കിലും മറ്റും ഒരു പാട് തിരഞ്ഞെങ്കിലും അവളെ കണ്ട് കിട്ടിയില്ല. ഓരോ തവണ  കൊച്ചുവേളി - ബാംഗ്ലൂര്‍ എക്സ്പ്രസ്സ്‌ കാണുമ്പോഴും ഞാന്‍ അവളെ ഓര്‍ക്കാറുണ്ട്. എന്നാലും 'എന്ത് പറയാനായിരിക്കും' അന്ന് അവള്‍ തിരിഞ്ഞു നിന്നത്.........
  
  
                                           ***************************************
  

4 അഭിപ്രായങ്ങൾ:

  1. അന്ന പോയി അല്ലേ ? അവളു തിരിഞ്ഞ് നിന്നത് വേറെ എന്തേൽമ് മറന്നോ എന്ന് ചിന്തിച്ചാവും... :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. correct...അവളുടെ ഒരു ബോട്ടില്‍ വെള്ളം അപ്പോള്‍ സീറ്റില്‍ ഇരിപ്പുണ്ടായിരുന്നു.. !!!

      ഇല്ലാതാക്കൂ
  2. അതെന്തു തന്നെ ആയാലും ഉത്തരം കിട്ടാത്ത ആ ഓര്‍മ്മകള്‍ക്കും ഒരു സുഖമുണ്ട് ഇല്ലേ?

    മറുപടിഇല്ലാതാക്കൂ
  3. ഹാ ഹാ.ആദ്യ കമന്റും മറുപടിയും കൊള്ളാം.

    അല്ല
    ,എന്നാത്തിനായിരിക്കും
    അവൾ തിരിഞ്ഞ്‌ നിന്നത്‌ ?

    മറുപടിഇല്ലാതാക്കൂ