2012, നവംബർ 21, ബുധനാഴ്‌ച

മുരുകേശന്റെ പെണ്ണ് കാണല്‍

മുരുകേശന്‍ ആളൊരു നിഷ്കളങ്കനാണ്. അച്ഛനമ്മമാരുടെ ഏക മകന്‍. ആയതിനാല്‍ നല്ലത് പോലെ ലാളിച്ചാണ് അവനെ വളര്‍ത്തിയത്‌.

അഞ്ച് വയസ്സ് പൂര്‍ത്തിയായപ്പോള്‍ അവനെ വീടിനടുത്തുള്ള സെന്റ്‌ മേരീസ് എല്‍ പി സ്കൂളില്‍ ചേര്‍ത്തു. അവന്‍ നാലാം ക്ലാസ്സിലെത്തിയപ്പോള്‍ സ്കൂള്‍ യു പി സ്കൂളായി മാറി. വീണ്ടും മൂന്നു പടി കൂടി കയറി ഏഴിലെത്തിയപ്പോള്‍ സ്കൂള്‍ ഒന്ന് കൂടെ അപ്ഗ്രേഡായി ഹൈസ്കൂളായി മാറി. അങ്ങനെ മുരുകേശന്‍ വളരുന്നതനുസരിച്ച്‌ സ്കൂളും വളര്‍ന്നു. സെന്റ്‌ മേരീസ് എല്‍ പി സ്കൂള്‍ അങ്ങനെ സെന്റ്‌ മേരീസ് എച്ച് എസ് ആയി മാറി. 

മുരുകേശന്‍ എക്സ്ട്രാ കരികുലര്‍ ആക്ടിവിറ്റികളില്‍ സമര്‍ത്ഥനായിരുന്നു. കബഡി കളിയില്‍ സ്കൂള്‍ ടീമിന്റെ ക്യാപ്ടനും  ആയിരുന്നു. അങ്ങനെ ആക്ടിവിറ്റികള്‍ കൂടിയത് കാരണം എട്ട് ഒന്‍പത് ക്ലാസ്സുകളില്‍ ഓരോ കൊല്ലം കൂടെ പഠിക്കേണ്ടി വന്നു. അങ്ങനെ ഒന്നില്‍ നിന്ന് പത്തിലെത്താന്‍ അവനു പന്ത്രണ്ട് കൊല്ലം വേണ്ടി വന്നു. 

പത്തില്‍ പഠിക്കുമ്പോഴാണ് അവനു ആദ്യമായി ഒരു പെണ്‍കുട്ടിയോട് പ്രേമം തോന്നുന്നത്, 'സീന' അതായിരുന്നു കുട്ടിയുടെ പേര്. ഇന്നത്തെ പോലെ മൊബൈല്‍ ഫോണ്‍ പ്രണയത്തിന്റെ മീഡിയേറ്റര്‍ അല്ലാതിരുന്ന കാലം. ഒന്നുകില്‍ നേരിട്ട് പറയുക അല്ലെങ്കില്‍ കത്തെഴുതുക , രണ്ടിലോന്നേയുള്ളൂ  മാര്‍ഗം.നേരിട്ട് പറയാന്‍ വയ്യ, എന്നാല്‍ പിന്നെ ഒരു കത്തെഴുതിക്കളയാം. സരസ്വതീ ദേവിയെ മനസ്സില്‍ ധ്യാനിച്ച് എഴുതി തുടങ്ങി. വെട്ടിയും തിരുത്തിയും ഒരാഴ്ചയെടുത്തു എഴുത്ത് പൂര്‍ത്തിയാക്കാന്‍

ഒടുവില്‍ ആ ശുഭദിനം സമാഗതമായി, അന്നൊരു തിങ്കളാഴ്ചയായിരുന്നു. എഴുത്ത് ആരും കാണാതെ അവളുടെ ഏതെങ്കിലും ബുക്കിനുള്ളില്‍ വയ്ക്കുക; എന്നതായിരുന്നു പ്ലാന്‍. ലാസ്റ്റ് പിരീടാണ് ഇതിനായി തിരഞ്ഞെടുത്തത്. അതെന്താണെന്ന് ചോദിച്ചാല്‍ അത് കഴിഞ്ഞാല്‍ സ്കൂള്‍ വിടുകയാണല്ലോ, പിന്നീട് വീട്ടിലെത്തി ബുക്ക്‌ തുറക്കുബോഴല്ലേ അവള്‍ കത്ത് കാണൂ....പെട്ടെന്ന് കാണുമ്പോഴുള്ള ഷോക്ക്‌ ഒഴിവാക്കാം... കൂടാതെ ആലോചിക്കാന്‍ ഒരു ഫുള്‍ നൈറ്റും കിട്ടും. ലാസ്റ്റ് പീരീടിനു തൊട്ടു മുന്‍പ് ഇന്റര്‍വെല്ലാണ്. ഇന്റെര്‍വെല്ലിനു  എല്ലാവരും പുറത്തു പോയ തക്കം നോക്കി മുരുകേശന്‍ അവളുടെ ബാഗ്‌ തുറന്നു, ആദ്യം കണ്ട ബുക്കിലേക്ക് കത്ത് തിരുകി. ആദ്യഘട്ടം സക്സസ്. തന്റെ മാസ്റ്റര്‍ പ്ലാന്‍ ഓര്‍ത്ത് അവനു തന്നെ അഭിമാനം തോന്നി.

എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായ സംഭവങ്ങളാണ് പിന്നീട് അരങ്ങേറിയത്.

ലാസ്റ്റ് പിരീട് രാജന്‍പിള്ള സാറിന്റെ മലയാളം ക്ലാസ്സായിരുന്നു. എല്ലാവരും രചന ബുക്ക്‌ (ഞങ്ങള്‍ മലയാളം മീഡിയംകാര്‍ രചന ബുക്കെന്നും ഇംഗ്ലീഷ് മീഡിയംകാര്‍ കോമ്പോസിഷന്‍ ബുക്കെന്നും പറയുന്ന സാധനം) , സബ്മിറ്റ് ചെയ്യാന്‍ സാര്‍ ഉത്തരവിട്ടു.

ക്ലാസ് ലീഡര്‍ മനോജ്‌ എല്ലാവരുടെയും കോമ്പോസിഷന്‍ ബുക്കുകള്‍ വാങ്ങി മേശമേല്‍ ഹാജരാക്കി. രാജന്‍പിള്ള സാര്‍ തന്റെ കട്ടിയുള്ള കണ്ണടയിലൂടെ ഓരോ ബുക്കും വായിച്ചു മാര്‍ക്കിടാന്‍ തുടങ്ങി.

ക്ലാസ്സിലെ നിശബ്ദത ഭന്ജിച്ച് കൊണ്ട് പൊടുന്നനെ സാറിന്റെ ഒച്ച കേട്ടു .------ " സീന ഇവിടെ വരൂ....." ക്ലാസ്സിലെ എല്ലാവരുടെയും ശ്രദ്ധ അവളിലായി.

" എന്താ ഇത്..?"   കയ്യില്‍ ഒരു കടലാസ് ഉയര്‍ത്തി പിടിച്ച് കൊണ്ടാണ് സാറിന്റെ ചോദ്യം.

"എനിക്കറിയില്ല സാര്‍ ..." അവള്‍ പറഞ്ഞു.

താന്‍ കത്ത് തിരുകി കയറ്റിയത് അവളുടെ കോമ്പോസിഷന്‍ ബുക്കിലേക്കായിരുന്നുവെന്നു ഒരു ഞെട്ടലോടെ മുരുകേശന്‍ മനസ്സിലാക്കി.

പിള്ള സാര്‍ തന്റെ കട്ടിക്കണ്ണട ഊരി .... ഒന്ന് കൂടെ തുടച്ചു .... വീണ്ടും ഫിറ്റ്‌ ചെയ്തു.

വീണ്ടും സാറിന്റെ ശബ്ദം ഉയര്‍ന്നു.  " മുരുകേശന്‍ ഇവിടെ വരൂ ....."

മുരുകേശന്‍ പതിയെ സാറിന്റെ അടുത്തേക്ക് ചെന്ന്. അവന്‍ ആലില പോലെ വിറയ്ക്കുന്നുണ്ടായിരുന്നു.

" ഇതെങ്ങനെ സീനയുടെ ബുക്കില്‍ വന്നു..?"     അവന്‍ ഒന്നും മിണ്ടിയില്ല.

" താനല്ലേ ഇതെഴുതിയത്....?"     മുരുകേശന് മറുപടിയില്ല.

ലാസ്റ്റ് പിരീട് ഉറങ്ങിതൂങ്ങിയിരുന്ന പിള്ളാര്‍ വരെ ഈ രംഗം കണ്ട് ഉഷാറായി.

കന്നി പ്രേമലേഖനം സാര്‍ ഉറക്കെ വായിചു. .....  സീന കരയാന്‍ തുടങ്ങി.

മുരുകേശന്‍ വിധി പ്രസ്താവ്യം കേള്‍ക്കാന്‍ നില്‍ക്കുന്ന കുറ്റവാളിയെ പോലെ നിന്നു.... ശിക്ഷ എന്താണാവോ...?

രാജന്‍പിള്ള സാര്‍ തുടര്‍ന്നു ...... " എടാ ഇതില്‍ 'ആത്മാര്‍ത്ഥ പ്രണയം' എന്ന വാക്കിലെ ആത്മാര്‍ത്ഥം എന്ന വാക്ക് തെറ്റിച്ചാ എഴുതിയിരിക്കുന്നെ ....  അത് കൊണ്ട് ' അത്മാര്‍ത്ഥം' എന്ന വാക്ക് നൂറ് പ്രാവശ്യം ബോര്‍ഡില്‍ എഴുതിക്കോ..."

ശിക്ഷ കേട്ട് മുരുകേശന്‍ ശരിക്കും പകച്ചു. നാല് തല്ലായിരുന്നെങ്കില്‍  അവന്‍ അന്തസ്സായിട്ട് കൊണ്ടേനെ. ബോര്‍ഡില്‍ പോയെഴുതുന്ന കാര്യം ആലോചിക്കാനേ വയ്യ. പിള്ള സാര്‍ ഒരു ചോക്കെടുത്ത് കയ്യില്‍ പിടിപ്പിച്ചു.

ഒന്ന് ........ രണ്ട് ........ മൂന്ന് .......   മുരുകേശന്‍ എഴുതിത്തുടങ്ങി.

അങ്ങനെ മുപ്പത്തേഴെണ്ണം പൂര്‍ത്തിയായപ്പോള്‍ ബോര്‍ഡ് നിറഞ്ഞു. അത്രയും മതിയെന്ന് വിചാരിച്ചിരിക്കുമ്പോള്‍ അടുത്ത ഓര്‍ഡര്‍ പുറകെ വന്നു.....

" അത് തുടച്ചിട്ട് ബാക്കി എഴുതിക്കോ...."

അങ്ങനെ എഴുതി എഴുപത്തഞ്ചിലെത്തി...... മുരുകേശന്റെ പ്രാര്‍ത്ഥന കൊണ്ടാണോ എന്നറിയില്ല. പത്തു മിനുട്ടിന് മുന്‍പ് ബെല്ലടിച്ചു. പോകാന്‍ നേരം നല്ലൊരുപദേശവും പിള്ള സാര്‍ തന്നു.
"അക്ഷരമറിയാത്തവനൊന്നും പ്രേമിക്കാന്‍ പോകരുത്...".

അങ്ങനെ ആദ്യ പ്രേമം പൊട്ടി.... ഡിം.....

അത്ഭുതകരമായ കാര്യമാണ് നടന്നത്.... മുരുകേശന്‍  പത്താം ക്ലാസ്സ് പാസ്സായിരിക്കുന്നു. ജയിക്കാന്‍ വേണ്ട 210 മാര്‍ക്ക് കൃത്യമായും അവന്‍ നേടി.ഒരു മാര്‍ക്ക് അങ്ങോട്ടോ ഇങ്ങോട്ടോ ഇല്ല.

അങ്ങനെ മുരുകേശന്‍ തേര്‍ട് ഗ്രൂപ്പെടുത്ത് പ്രീഡിഗ്രിക്ക് ചേര്‍ന്നു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അവന്റെ രണ്ടാമത്തെ പ്രേമം....... പേര് 'സീമ'.

വീണ്ടും മുരുകേശന്‍ ഒരു മനോഹര പ്രേമലേഖനം തയ്യാറാക്കി (അക്ഷരതെറ്റൊന്നുമില്ലാതെ), നേരത്തത്തെ അബദ്ധം ആവര്‍ത്തിക്കരുതല്ലോ.... അതിനാല്‍ ഇതവണ രണ്ടും കല്പിച്ച് അവളുടെ കയ്യില്‍ കൊടുത്തു. മറുപടി അന്ന് വൈകുന്നേരം ആല്‍ത്തറയില്‍ വച്ച് തരണമെന്ന് കത്തിലുണ്ടായിരുന്നു. അന്ന് വൈകിട്ട് കുളിച്ച് കുറിയും തൊട്ട് അവന്‍ ആല്‍ത്തറയില്‍ വന്നിരിപ്പായി

മറുപടി കാത്ത് നിന്ന അവനെ ഒരു കുറുവടി കൊണ്ടാണ് അവളുടെ ആങ്ങളമാര്‍ നേരിട്ടത്. രണ്ട് മാസത്തോളം ആശുപത്രിയില്‍ കിടന്ന മുരുകേശന് അക്കൊല്ലത്തെ പ്രീഡിഗ്രി പരീക്ഷ നഷ്ടമായി.

അങ്ങനെ ആ പ്രണയവും പൊട്ടി........ ഡിം....

പിറ്റേ വര്‍ഷം അവന്‍ പ്രീഡിഗ്രി പരീക്ഷ എഴുതി. പത്താം ക്ലാസ്സിലെ ഭാഗ്യം അവന് പ്രീഡിഗ്രിക്ക് ഉണ്ടായിരുന്നില്ല, ദയനീയമായി തോറ്റു.

അതോടെ മുരുകേശന്‍ നാട്ടില്‍ തെക്ക് വടക്ക് നടപ്പായി. നാട്ടിലെ തൊഴിലില്ലാ പടയ്കൊപ്പം മുരുകേശനും കൂടി.  കല്യാണം , ചോറൂണ് , പാലുകാച്ച് , പതിനാറടിയന്തിരം  തുടങ്ങിയ നാട്ടിലെ ഏതു ചടങ്ങിനും ഹാജരാവുക എന്നതായിരുന്നു തൊഴിലില്ലാപ്പടയുടെ പ്രധാന തൊഴില്‍.

ഒരു വര്‍ഷം കൂടി കഴിഞ്ഞു. മുരുകേശന് ഇരുപത്തൊന്ന് തികഞ്ഞു.  അതോടെ ചെറിയ രീതിയിലുള്ള വെള്ളമടിയും തുടങ്ങി. വീട്ടില്‍ അത്യാവശ്യം സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നതിനാലും 'ഒറ്റമോന്‍' എന്ന പദവി ഉണ്ടായിരുന്നതിനാലും കാശിനു വല്യ മുട്ടില്ലായിരുന്നു. പക്ഷെ രണ്ട് പെഗ്ഗടിച്ചാല്‍ മുരുകേശന് പഴയ കാര്യങ്ങള്‍ തികട്ടി വരും. പഴയ കാര്യങ്ങള്‍ എന്ന് പറഞ്ഞാല്‍ ' പത്തില്‍ സീനയെയും പ്രിഡിഗ്രിക്ക് സീമയും പ്രണയിച്ച' കാര്യം. ഇത് കേട്ട് കേട്ട് കൂട്ടുകാര്‍ക്ക് മടുത്തു.

മകന്റെ ദുര്‍നടത്തത്തില്‍ ഗോപാലന്‍ ചേട്ടന്‍ ഉത്കണ്ട  രേഖപ്പെടുത്തി. അവനെ ഇനി എന്ത് ചെയ്യണം എന്നാലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് വടക്കേതിലെ അന്തോണി മാപ്പിള ആ കോഴ്സിനെ പട്ടി പറഞ്ഞത് ---------- " ഫയര്‍ ആന്‍റ് സേഫ്റ്റി എഞ്ചിനീയറിംഗ് ..." .... ഒരു വര്‍ഷത്തെ കോഴ്സാണ്, അത് കഴിഞ്ഞാല്‍ നാട്ടിലും വിദേശത്തും തൊഴില്‍ സാധ്യത. രണ്ടാമതൊന്നും ആലോചിക്കാതെ ഗോപാലന്‍ ചേട്ടന്‍ മുരുകേശനെ ഫയര്‍ ആന്‍റ് സേഫ്റ്റിക്ക് ചേര്‍ത്തു.

അങ്ങനെ ഒരു ഗ്യാപ്പിന് ശേഷം മുരുകേശന്‍ പുതിയ ലാവണത്തില്‍.

ഒരു വര്‍ഷത്തെ പഠനത്തിനു ശേഷം അവന്‍ വീണ്ടും നാട്ടിലെത്തി. ഫയര്‍ ആന്‍റ് സേഫ്റ്റി അവന്റെ ജീവിതത്തെ നന്നായി സ്വാധീനിച്ചിരുന്നു. ഇപ്പോള്‍ എവിടെ തീ കണ്ടാലും അവന്റെ നെഞ്ചില്‍ തീയാണ്!. ...... അടുക്കളയില്‍ അടുപ്പും ഗ്യാസും കത്തിക്കുമ്പോഴും അവന്‍ ഓടിയെത്തും, എടുക്കേണ്ട മുന്‍കരുതലുകളെപ്പറ്റി വാചാലനാകും. ഇത് ഒരു പതിവായതോടെ അവന്റെ അമ്മയ്ക്ക് പണിയായി.

മുരുകേശന്റെ  'ഫയര്‍ ആന്‍റ് സേഫ്റ്റി' ഇഫക്ട് നാട്ടിലും വര്‍ക്കൌട്ടായി ------- ഒരിക്കല്‍ ഒരു കാര്‍ത്തിക വിളക്കിന് അമ്പലത്തില്‍ തെളിയിച്ചിരുന്ന ചിരാതുകളെല്ലാം അവന്‍ ഊതി കെടുത്തിക്കളഞ്ഞു. പിന്നീടൊരിക്കല്‍ അയലത്തെ ഗോമതി ചേച്ചി ചവറ് കൂട്ടിയിട്ടു കത്തിച്ചപ്പോള്‍ ഒരു ബക്കറ്റ് വെള്ളം കൊണ്ടുചെന്ന് അതിന്റെ മണ്ടയ്ക്കൊഴിച്ചു.

ഗോപാലന്‍ ചേട്ടന് മുരുകേശന്‍ അടുത്ത തലവേദന ഉണ്ടാക്കി. ഇനിയും നാട്ടില്‍ നിര്‍ത്തിയാല്‍ അവന്റെ 'സേഫ്റ്റിക്ക് ' പറ്റിയതല്ലെന്ന് മനസ്സിലാക്കിയ ഗോപാലന്‍ ചേട്ടന്‍ അവനെ ഗള്‍ഫിലയക്കാന്‍ തീരുമാനിച്ചു.

മൂന്നു കൊല്ലത്തിന് ശേഷമാണ് മുരുകേശന്‍ നാട്ടിലേക്ക് വന്നത്. അവന്‍   ആകെ മാറിയിരുന്നു. പഴയ അലമ്പ് ലുക്കൊക്കെ മാറ്റിയിരിക്കുന്നു. അല്‍പ്പം തടി വച്ചു.

ഗോപാലന്‍ ചേട്ടന്‍ മുരുകേശനെ കല്യാണം കഴിപ്പിക്കാന്‍ തീരുമാനിച്ചു. ബ്രോക്കര്‍ ഗോവിന്ദന്‍ മുഖേനയാണ് ആ പ്രൊപ്പോസല്‍ വന്നത്.  പെണ്‍കുട്ടിയുടെ പേര് കാര്‍ത്തിക. ഡിഗ്രി കഴിഞ്ഞ് ഇപ്പോള്‍ ഒരു കമ്പ്യൂട്ടര്‍ കോഴ്സ് ചെയ്യുന്നു. ഒറ്റ മകളാണ്.  അച്ഛന്‍ എക്സ് സര്‍വീസാണ്, റിട്ട: ഹവില്‍ദാര്‍ T P ശങ്കരന്‍ അമ്മ ചന്ദ്രിക. കേട്ടിടത്തോളം നല്ല ആലോചനയാണെന്ന് ഗോപാലന്‍ ചേട്ടന് തോന്നി. ഫോട്ടോ കണ്ടപ്പോള്‍ മുരുകേശനും കുട്ടിയെ ഇഷ്ടമായി. അങ്ങനെ ഒരു പെണ്ണ് കാണല്‍ ചടങ്ങിന് കളമൊരുങ്ങി.

ആദ്യത്തെ പെണ്ണ് കാണലായത് കൊണ്ട് മുരുകേശന് അതിനുള്ള ധൈര്യം പോര. പെണ്ണ് കാണാന്‍
പോകുന്നതിന്റെ തലേന്ന് അവന്‍ കൂട്ടുകാര്‍ക്കൊപ്പം കൂടി. ..... കൂട്ടത്തില്‍ പെണ്ണ് കെട്ടിയ ഒരാളെ ഉണ്ടായിരുന്നുള്ളൂ. ... ' അശോകന്‍' .  പുള്ളിക്കാരന്‍  മുരുകേശനെ കാര്യമായി ഉപദേശിച്ചു.

ചെന്ന ഉടനെ ഒരു ചായ സല്‍ക്കാരം ഉണ്ടാകും. അതിനു ശേഷം 'പെണ്ണിനോട് എന്തെങ്കിലും സംസാരിക്കണോ'...?... എന്ന ചോദ്യം വരും. അപ്പോള്‍ നീ അകത്തേക്ക് ചെല്ലുക, അവിടെ വാതിലിന്റെ കട്ടളയും ചാരി നമ്രമുഖിയായി അവള്‍ നില്‍ക്കുന്നുണ്ടാകും. ......  "എവിടെയാ പഠിച്ചത്"..?.... എന്ന  ചോദ്യത്തില്‍ തുടങ്ങുക പിന്നീട് അവളുടെ സൌന്ദര്യത്തെ അങ്ങ് പുകഴ്ത്തിയേക്കുക. കണ്ണെഴുതിയിട്ടുണ്ടെങ്കില്‍ നല്ല ഭംഗിയുണ്ട് എന്ന് തട്ടി വിട്ടേക്കുക..... പുകഴ്ത്തലില്‍ വീഴാത്ത ഒരു പെണ്ണും ഇന്നേ വരെ ഭൂമിയില്‍ ജനിച്ചിട്ടില്ല. അങ്ങനെ ആത്മവിശ്വാസം ആര്‍ജിച്ച  മുരുകേശന്‍ പിറ്റേന്നത്തെ പെണ്ണ് കാണലിനു തയ്യാറായി.

രാവിലെ തന്നെ അവന്‍ കുളിച്ച് റെഡിയായി. ഗള്‍ഫില്‍ നിന്ന് കൊണ്ട് വന്ന വില കൂടിയ പെര്‍ഫ്യൂം ദേഹത്താകെ പൂശി. പെണ്ണിന്റെ വീട്ടിലേക്ക് 40 കിലോമീറ്ററോളം ദൂരം ഉള്ളതിനാലും ഉച്ചയ്ക്ക് മുന്‍പ് ചെല്ലേണ്ടതിനാലും അവര്‍ രാവിലെ തന്നെ പുറപ്പെട്ടു. ---- ഗോപാലേട്ടന്റെ സ്വന്തം കാറില്‍ (സോറി ഗോപാലേട്ടന്‍ കാര്‍ വാങ്ങിയ കാര്യം ഇടയ്ക്ക് പറയാന്‍ മറന്നു).

ഏകദേശം 11 മണിയോടെ പെണ്ണിന്റെ വീട്ടിലെത്തി. വിശാലമായ മുറ്റം കടന്ന് അല്പം കൂടി ചെല്ലുന്നിടതാണ് വീട്. ഗോപാലേട്ടന്‍ വീടിന്റെയും സ്ഥലത്തിന്റെയും ഏകദേശം ആസ്തി മനക്കണ്ണാല്‍ കൂട്ടിയെടുത്തു. മുരുകേശനും വീടും സ്ഥലവും വല്ലാതെ ഇഷ്ടമായി.പെണ്ണിന്റെ അച്ഛന്‍ അതിഥികളെ സ്വീകരിച്ച് അകത്തേക്ക് ആനയിച്ചു. അല്പ നേരത്തെ സംസാരത്തിന് ശേഷം പെണ്ണിന്റെ അച്ഛന്‍ മോളെ വിളിച്ചു...... " മോളേ കാര്‍ത്തൂ ..."


മുരുകേശന്റെ കണ്ണുകള്‍ വികസിച്ചു. കയ്യില്‍ ഒരു ട്രേയും അതില്‍ നിരത്തിയ ഗ്ലാസ്സുകളുമായി അവള്‍. പുറകെ പലഹാരങ്ങളുമായി അമ്മയും..... അരക്കിലോ ഉപ്പേരി , കുറെ അച്ചപ്പം , കുഴലപ്പം പിന്നെ പേരറിയാത്ത ഏതോ ഒരു പലഹാരം..... അങ്ങനെ സംഗതി കുശാല്‍.

"അങ്ങോട്ട്‌ കൊടുക്ക്‌ മോളെ ...."   പെണ്ണിന്റെ അമ്മ പറഞ്ഞു.
"മോള് തന്നെ പ്രിപ്പയര്‍ ചെയ്തതാ ..... അവളുടെ സ്പെഷ്യല്‍ ഐറ്റമാ....ഈ പതിനൊന്നു മണി സമയത്ത് ചായയേക്കാള്‍ നല്ലത് ജ്യൂസാ....."

"അതേയതെ "..... ഗോപാലേട്ടന്‍ ശരി വച്ചു.

മുരുകേശന്‍ ഒരു കവിള്‍ കുടിച്ചു. ...... മിക്സഡ്‌ ഫ്രൂട്ട് ജ്യൂസാണെന്നു തോന്നുന്നു. ഏതായാലും നല്ല സ്വാദ്. ഭാവി ഭാര്യയുടെ കൈപ്പുണ്യം ഓര്‍ത്ത് മുരുകേശന്റെ അന്തരംഗം അഭിമാനപൂരിതമായി.

ഒടുവില്‍ കാത്തിരുന്ന ആ ചോദ്യം പെണ്ണിന്റെ അമ്മയില്‍ നിന്നാണുണ്ടായത്  ..... "അവര്‍ക്കെന്തെങ്കിലും സംസാരിക്കാന്‍ കാണത്തില്യോ...?"

കേട്ടപാടെ മുരുകേശന്‍ എഴുന്നേറ്റ് അകത്തേക്ക് നടന്നു.

അകത്തെ വാതിലും ചാരി നമ്രമുഖിയായി നില്‍ക്കുന്ന പെണ്ണിനെയാണ്  മുരുകേശന്‍ പ്രതീക്ഷിച്ചതെങ്കിലും അങ്ങനെയൊന്നുമായിരുന്നില്ല....... അകത്ത് അഭിമുഖമായി ഇട്ടിരിക്കുന്ന രണ്ട്  കസേരകള്‍. ഒന്നില്‍ അവള്‍ ഇരിക്കുന്നു.

"ഇരിക്കൂ..."   അവള്‍ പറഞ്ഞു.

മുരുകേശന് ഒരു തലചുറ്റല്‍ പോലെ തോന്നി. പ്രിപ്പയര്‍ ചെയ്ത് വച്ചിരിക്കുന്ന ചോദ്യങ്ങള്‍ എല്ലാം മറന്ന പോലെ.....

അവന്‍ ഇരുന്നു.

"എവിടെയാ പഠിച്ചത്...?"........ ആ ചോദ്യം മുരുകേശന്റേതായിരുന്നില്ല. അവള്‍ ഇങ്ങോട്ട് ചോദിക്കുകയായിരുന്നു.

"ഞാന്‍..... പത്താം ക്ലാസ്സ് വരെ സെന്റ്‌ മേരീസില്‍ ..........പിന്നെ .......... ഫയര്‍ ....സേഫ്റ്റി ......"
മുരുകേശന് എവിടുന്നോ ധൈര്യം കിട്ടിയ പോലെ തോന്നി. അവന്‍ പറഞ്ഞു തുടങ്ങി...........
പഴയ കാര്യങ്ങളൊക്കെ........ പത്തില്‍ സീനയെ പ്രണയിച്ച കാര്യം........... പ്രിഡിഗ്രിക്ക്  സീമയെ പ്രണയിച്ച കാര്യം.........

കേട്ടിരുന്ന പെണ്‍കുട്ടി ഞെട്ടിപ്പോയി.

 മുരുകേശന്‍ പിന്നെയും ലക്കും ലഗാനുമില്ലാതെ ഓരോന്നു പറഞ്ഞു കൊണ്ടിരുന്നു.

" "   ഒരടി കവിളത്ത് പതിച്ചപ്പോഴാണ് അവന്‍ സംസാരം നിര്‍ത്തിയത്. അടിച്ചത് ഗോപാലേട്ടന്‍..

"നിനക്കിങ്ങനെ ഒരു ബന്ധമുണ്ടാരുന്നേല്‍ നേരത്തെ പറയരുതാരുന്നോ ..... വെറുതെ ഇവിടെ വരെ വരണമാരുന്നോ..."

മുരുകേശന് കാര്യമൊന്നും മനസ്സിലായില്ല.

അപ്പോള്‍ തന്നെ അവിടെ നിന്നും ഇറങ്ങി.....  അല്ലെങ്കില്‍ അവര്‍ ഇറക്കി വിട്ടേനെ.

ഇനി കഥയുടെ ആന്റി ക്ലൈമാക്സിലേക്ക്.............
------------------------------------------------------

 മൂന്ന് വര്‍ഷം മുന്‍പ് ഗള്‍ഫില്‍ പോയ മുരുകേശന്‍ ക്രമേണ കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യാന്‍ പഠിച്ചു. രണ്ട് വര്‍ഷം കൊണ്ട്  ഇന്റര്‍നെറ്റ് ഉപയോഗിക്കാനും പഠിച്ചു. അങ്ങനെ മുരുകേശന്‍ ഭാരത് മാട്രിമൊണിയില്‍ ഒരു പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്തു. ഫോട്ടോകളൊക്കെ ഇട്ടു പ്രൊഫൈല്‍ മനോഹരമാക്കി.

സാധാരണ മാട്രിമോണിയല്‍ സൈറ്റുകളില്‍ പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യുമ്പോള്‍ ലൈഫ് സ്റ്റൈല്‍ എന്നാ ഭാഗത്ത്‌ സ്മോക്കിംഗ് ഹാബിറ്റ്സ് ,  ഡ്രിങ്കിംഗ്  ഹാബിറ്റ്സ് എന്നാ ചോദ്യങ്ങളുണ്ട്. മുഴുക്കുടിയന്മാരും , ഒടുക്കത്തെ വലിയന്‍മാരുമെല്ലാം ഇതില്‍ 'നോ' കൊടുത്ത് സല്‍സ്വഭാവികളാവുകയാണ് പതിവ്............ എന്നാല്‍ നിഷ്കളങ്കനായ മുരുകേശന്‍  ഡ്രിങ്കിംഗ്  ഹാബിറ്റ്സില്‍ occasionally/social drinking  എന്നാണ് കൊടുത്തിരുന്നത്. ശരിക്കും മുരുകേശന്‍ വല്ലപ്പോഴും മാത്രമേ കുടിക്കുമായിരുന്നുള്ളൂ, അതും രണ്ടു പെഗ്ഗ് മാത്രം.

ഈ പെണ്‍കുട്ടിക്കും ശരിക്കും ഒരു പ്രൊഫൈല്‍ ഉണ്ടായിരുന്നു. അപ്പോഴാണ്‌ ബ്രോക്കര്‍ ഗോവിന്ദന്‍  മുരുകേശന്റെ പ്രൊപ്പോസല്‍ കൊണ്ട് വരുന്നത്. യാദൃശ്ചികമായിട്ടായിരുന്നു അവള്‍ മുരുകേശന്റെ പ്രൊഫൈല്‍ കാണുന്നത്.......... അങ്ങനെയാണ് അവള്‍ അച്ഛന്റെ മുറിയി നിന്ന് ഒരു റമ്മിന്റെ കുപ്പി (വൈറ്റ് റമ്മിന്റെ ) എടുക്കുന്നത്. അങ്ങനെ വൈറ്റ് റം ചേര്‍ത്ത ഫ്രൂട്ട് ജ്യൂസ് മുരുകേശന് മാത്രമായി നല്‍കി. ഒരു തമാശയായിട്ടേ അവള്‍ ഇതിനെ കരുതിയിരുന്നുള്ളൂ. ഒരു എക്സ് സര്‍വീസുകാരന്റെ മകളായിരുന്ന  അവള്‍ക്ക് വല്ലപ്പോഴും രണ്ടെണ്ണം അടിക്കുന്നത് വലിയ പ്രശ്നമൊന്നും അല്ലായിരുന്നു. എന്നാല്‍ മുരുകേശന്‍ ഒരെണ്ണം കൂടി ചോദിച്ചു വാങ്ങിക്കുകയും ചെയ്തു. അതിന് ശേഷമുണ്ടായതെല്ലാം ചരിത്രം.

ആ പെണ്ണ് കാണലിന്റെ ആഘാതത്തില്‍ നിന്നും കര കയറാന്‍ മുരുകേശന്‍ രണ്ട് മാസമെടുത്തു. അപ്പോഴേക്കും ലീവും തീര്‍ന്നു. അങ്ങനെ അവന്‍ വീണ്ടും ഗള്‍ഫിലേക്ക് പോയി.

രണ്ട് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ വീണ്ടും മുരുകേശന്‍ നാട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. ഇപ്പോള്‍ മുരുകേശന്‍ പെണ്ണ് കാണാന്‍ പോയാല്‍ ചായ , കാപ്പി , ഫ്രൂട്ട് ജ്യൂസ് എന്നിവ കുടിക്കാറില്ല. "നോ താങ്ക്സ് " എന്ന് മാത്രം പറയും.

മുരുകേശന് എത്രയും പെട്ടെന്ന് പെണ്ണ് കിട്ടട്ടേയെന്ന് നമുക്കും പ്രാര്‍ഥിക്കാം ..... അല്ലേ.....


                                                 ************************************

1 അഭിപ്രായം:

  1. ഹാവൂൂ.വല്ലാത്ത തലവിധി തന്നെ.ഇനി ഇവനു വല്ല ചൊവ്വാ,ശനി,രാഹു ദൊഷമോ മറ്റോ ഉണ്ടോന്നൊന്ന് നോക്കിക്കാരുന്നു.

    മറുപടിഇല്ലാതാക്കൂ