2012, സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

ടെഡി ബിയര്‍ ---- ഒരു ഫ്ലാഷ് ബാക്ക്

" കൃഷ്ണേട്ടാ  ഇതൊന്നു എടുത്തു വയ്ക്കാ൯ സഹായിക്കണേ .."  താഴെ നിന്നും രാധികയുടെ ശബ്ദമാണ്. ഞായറാഴ്ചയായിട്ടു രാവിലെ കാപ്പി കുടി കഴിഞ്ഞ് ടിവിയില്‍ ഒരു സിനിമ കാണാന്‍ തുടങ്ങുകയായിരുന്നു. ഓ ഇനി ഇപ്പോള്‍ അത് നടപ്പില്ല.

ഞാ൯  താഴേക്ക്‌ ഇറങ്ങി ചെന്നു. ഷോകേസില്‍ ഇരുന്ന എല്ലാ തരം സാധനങ്ങളും എടുത്തു വെളിയില്‍  നിരത്തി വച്ചിരിക്കുന്നു.

" നീ എന്തിനുള്ള പുറപ്പാടാ ...."  ഞാ൯ ചോദിച്ചു.

"എല്ലാം ഇരുന്നിരുന്ന് പൊടി പിടിച്ചു..   ഒക്കെ തുടച്ചു വൃത്തിയാക്കി വയ്ക്കണം..... അടുത്ത മാസം ഓണമല്ലേ...."

"ഓ ഈ ഓണമൊക്കെ ആരാണാവോ കണ്ടു പിടിച്ചത് ....മനുഷ്യന്റെ നടുവൊടിക്കാ൯ .." ഞാ൯ മനസ്സിലോര്‍ത്തു.

 ഇവളിതൊക്കെ തുടങ്ങി വയ്ക്കും...  ഒടുക്കം എല്ലാം ഞാ൯ തന്നെ ചെയ്തു തീര്‍ക്കണം.

" ഇതെന്താ കുറച്ചു സാധനങ്ങള്‍ മാറ്റി വച്ചിരിക്കുന്നത്..."

"ഓ എന്റെ കൃഷ്ണേട്ടാ .... ഈ പഴകി ദ്രവിച്ച സാധനങ്ങള്‍ ഇനി ഇതിനകത്ത്  വയ്ക്കണ്ട."

ഞാ൯ ഓരോന്നോരോന്നായി എടുത്തു തുടച്ചു വൃത്തിയാക്കാ൯ തുടങ്ങി.

പത്ത് മിനിട്ടിനുള്ളില്‍ രാധിക അടുക്കളയിലേക്ക് അപ്രത്യക്ഷയായി.  

ഏകദേശം ഒരു മണിക്കൂറോളം എടുത്തു സാധനങ്ങള്‍ തുടച്ചു വൃത്തിയാക്കാ൯

ഇനി മാറ്റി വച്ചിരിക്കുന്ന പഴയ സാധനങ്ങള്‍ കൊണ്ട് കളയണം. എല്ലാം ഓരോരോ കാലത്ത് ഏറ്റവും ഇഷ്ടപെട്ട് വാങ്ങിയവ  , മനുഷ്യന്റെ കൌതുകം കഴിഞ്ഞാല്‍ നേരെ കുപ്പതൊട്ടിയിലേക്ക് .....
ഓരോന്നായി എടുക്കുന്നതിനിടയിലാണ് ... ഒരു പഴയ സാധനത്തില്‍ കണ്ണുടക്കിയത്... ഒരു ചെറിയ മ്യൂസിക്‌ ബോക്സ്‌ .....ശരിക്കും  പൊടി പിടിച്ചു മൃതപ്രായയായിരിക്കുന്നു.

ഈ മ്യൂസിക്‌ ബോക്സിന് പിന്നില്‍ ഒരു വലിയ ഫ്ലാഷ് ബാക്കുണ്ട്....  അതിലേക്ക് ........
--------------------------------------------------------------------------------------------
ഞാ൯ എഴാം ക്ലാസ്സില് പഠിച്ചിരുന്ന കാലം. പഠനത്തില് ശരാശരി  വിദ്യാര്‍ത്ഥിയായിരുന്നു ഞാ൯  സ്കൂള്‍ വീട്ടില്‍ നിന്നും മൂന്നു കിലോമീറര്‍  അകലെയാണ്.

അങ്ങനെ ഇരിക്കയാണ് ഞങ്ങളുടെ നാട്ടില് ഒരു ഭയങ്കര സംഭവം ഉണ്ടായത്. ഒരു  അമേരിക്കന്‍  ഫാമിലി  നാട്ടില്‍ ലാ൯ഡു ചെയ്തു. എന്റെ വീടിനു  നാല് വീടിനു അപ്പുറമാണ് സംഭവം. നീണ്ട പതിനഞ്ചു  വര്‍ഷങ്ങള്‍ക്കു ശേഷമാണ് ര്‍ഗീസച്ചായനും മോളിയാന്റിയും നാട്ടിലേക്ക് വരുന്നത്. ഞാ൯ ജനിക്കുന്നതിനു  മുന്‍പാണ് അവര്‍  അമേരിക്കയിലേക്ക് പോയത്ആയതിനാല്‍ ഞാ൯ ഇവരെ ആദ്യമായിട്ടാണ് കാണുന്നത്.

  ഈ മോളിയാന്റി കോട്ടയംകാരിയാണ്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക്  മുന്‍പ് വര്‍ഗീസച്ചായന്റെ അച്ഛനും അമ്മയും ഒരു വാഹനാപകടത്തില്‍ മരിച്ചു. അതിനു ശേഷം അവ൪ അമേരിക്കയിലേക്ക്‌ പോയി. മോളിയാന്റിയുടെ അച്ഛ൯ അന്ന് അവിടെയായിരുന്നു. ഈ കഥകളൊക്കെ അമ്മയാണ് പറഞ്ഞു തന്നത്.

അന്ന് തൊട്ടു ഒരു പ്രേതാലയമായിത്തീര്‍ന്ന റോസ് ഡെയില്‍ ഇപ്പോഴാണ്‌ ഒന്ന് നിവര്‍ന്നു നില്‍ക്കുന്നത്. പത്തു പന്ത്രണ്ടു ദിവസം കൊണ്ട് ഒരു മാതിരി അറ്റകറ്റ പണിയൊക്കെ തീര്‍ന്നു. പെയിന്റിംഗ് കൂടെ കഴിഞ്ഞപ്പോള്‍ അതൊരു പഴയ വീടാണെന്നു ആരും പറയില്ല.

അവര്‍  വന്ന ദിവസം ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്.  ഒരു കാറില്‍ അവര്‍ വന്നിറങ്ങുന്നത് കാണാ൯ അവിടെ ഒരാള്‍ക്കൂട്ടം തന്നെയുണ്ടായിരുന്നു (ഞാനും ഉണ്ടായിരുന്നു...).

ആദ്യം വര്‍ഗീസച്ചായ൯  ഇറങ്ങി.  നല്ല തടിയുള്ള മനുഷ്യ൯ , വലത്തേ കയ്യില്‍ ഒരു ഗോള്‍ഡ൯   ചെയി൯, ഇടത്തെ കയ്യില്‍ ഒരു റിസ്റ്റ് വാച്ച്. മുഖത്ത് ഒരു ഫോറിന്‍ കണ്ണട.ആ കണ്ണടയിലൂടെ പുള്ളിക്കാര൯ ഒരു വിഹഗ വീക്ഷണം നടത്തി.

എന്നാല്‍ അത് വരെ കണ്ടതൊന്നും ഒന്നുമല്ല എന്ന മട്ടിലായിരുന്നു മോളിയാന്റിയുടെ വരവ്.

ജീ൯സും ടോപ്പുമണിഞ്ഞു മുടിയൊക്കെ ബോബ് ചെയ്ത് , ഹൈ-ഹീല്‍ഡു ചെരുപ്പുമണിഞ്ഞുള്ള അവരെ കണ്ടപ്പോള്‍ അമേരിക്ക തന്നെ നേരിട്ട് കണ്ട പോലാണ് തോന്നിയത്. കുറച്ച് ദിവസം നാട്ടില്‍ ഇത് തന്നെയായിരുന്നു സംസാരം.

പുറത്തൊക്കെ പോകുന്നതും വരുന്നതും കാറിലായിരുന്നു. ഗ്രാമ പ്രദേശത്ത് അതൊരു അപൂര്‍വ കാഴ്ചയായിരുന്നു. അതിന്റെ ഗ്ലാസിലൂടെ പുറത്തേക്കു നോക്കിയിരിക്കുന്ന മരിയ --ഒരു പാവക്കുട്ടിയെ എടുത്തു വച്ചത് പോലെ തോന്നിച്ചു. എനിക്കെന്തോ .. അവരുടെ പകിട്ടും പത്രാസും ഒട്ടും പിടിച്ചില്ല.

ഒരു ദിവസം രാവിലെ സ്കൂളില്‍ ചെല്ലുമ്പോള്‍ വര്‍ഗീസച്ചായനും മോളിയാന്റിയും മോളും കൂടി അവിടെ നില്‍ക്കുന്നു. ഇവരെന്താണിവിടെ എന്നു ചിന്തിച്ചു കൊണ്ട് ഞാ൯ ക്ലാസ്സിലേക്ക് കയറി. ഞാനിരിക്കുന്ന ബെഞ്ചിന്റെ അടുത്തുള്ള ജനലിലൂടെ നോക്കിയാല്‍ നെടുനീളത്തെ കിടക്കുന്ന വരാന്ത കാണാം.അങ്ങോട്ട്‌ നോക്കുമ്പോള്‍ പ്യൂണ്‍ രാമേട്ടന്റെ കൂടെ അവള്‍ ക്ലാസ്സിലേക്ക് വരുന്നുണ്ടായിരുന്നു. "ഈശ്വരാ ഇനി എന്റെ ക്ലാസ്സിലേക്ക് തന്നാണോ  ...".

ആ സംശയം ശരിയായിരുന്നു. .... രാമേട്ടന്റെ കൂടെ അവള്‍ ക്ലാസ്സിലേക്ക് കയറി...  ക്ലാസ് ടീച്ചര്‍  രാധാമണി ടീച്ചര്‍ അവളെ ക്ലാസിനു പരിചയപെടുത്തി. ആ പരിചയപെടുത്തലിന്റെ സാരം ഇതായിരുന്നു. " മരിയ ഇന്ന് മുതല്‍ ഈ ക്ലാസ്സിലാണ്.."

ഫ്രണ്ട് ബഞ്ചിന്റെ   സൈഡു സീറ്റിലായിരുന്നു അവളുടെ ഇരിപ്പ്. ഞാനാകട്ടെ സെക്കന്റ്‌ ബെഞ്ചിന്റെ ഒരറ്റത്തും. ആദ്യത്തെ പീരീഡിന് ശേഷം മിട്ടായി വിതരണം. വില കൂടിയ ഏതോ അമേരിക്കന്‍ ചോക്ലേറ്റ് ആണ്. ഞാ൯ വാങ്ങിക്കില്ല എന്നു തീരുമാനിച്ചു. പക്ഷെ എന്തോ അടുത്തെത്തിയപ്പോള്‍ അറിയാതെ വാങ്ങിച്ചു പോയി... അത്രയ്ക്കുണ്ടായിരുന്നു അതിന്റെ ആകര്‍ഷണം. പക്ഷെ ഞാനവളുടെ മുഖത്തേക്കെ നോക്കിയില്ല.      

ആംഗലേയ ഭാഷയുടെ നാട്ടില്‍ നിന്ന് വന്ന അവള്‍ ഇംഗ്ലീഷില്‍ വളരെ ബ്രില്യന്റായിരുന്നു. എന്നാല്‍ എന്റെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് അവള്‍ എല്ലാ വിഷയത്തിനും കത്തികയറി കൊണ്ടിരുന്നു.മലയാളമുള്‍പ്പെടെയുള്ള  വിഷയങ്ങള്‍ക്ക്‌ അവള്‍ക്കു നല്ല പിടിപാടുണ്ടായിരുന്നു.  

ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവള്‍ അദ്ധ്യാപകരുടെയും കൂടുകാരുടെയും ഇഷ്ടം നേടിയെടുത്തു. അവളുടെ കൈവശം ഒരു ചെറിയ മ്യൂസിക്‌ ബോക്സ്‌ ഉണ്ടായിരുന്നു.കടുത്ത ഓറഞ്ച് നിറമായിരുന്നു അതിന്റെ പുറം ഭാഗത്ത്‌. അത് തുറന്നാല്‍ ..അത്ഭുതം !!!! ഒരു ടെഡിബിയര്‍  എഴുന്നേറ്റു  വരും.. അത് മാത്രമല്ല അത് നന്നായി പാടുകയും ഡാന്‍സ് ചെയ്യുകയും ചെയ്യും. ഈ ടെഡിബിയറിന്റെ  പാട്ടി കേള്‍ക്കാ൯ ക്ലാസ്സിലെ കുട്ടികളൊക്കെ (ഞാനൊഴിച്ച്‌) അവളുടെ ചുറ്റും കൂടുമായിരുന്നു.

അങ്ങനെയിരിക്കെ ഓണപ്പരീക്ഷ സമാഗതമായി. ലവളുടെ മുന്നില്‍ നാണം കെടാതെ എല്ലാ വിഷയത്തിനും പാസ്സാകണേയെന്നായിരുന്നു എന്റെ പ്രാര്‍ത്ഥന. ..ഓണാവധി കഴിഞ്ഞു. വീണ്ടും സ്കൂള്‍ തുറന്നു. പരീക്ഷ പേപ്പറുകള്‍ ഓരോന്നോരോന്നായി തന്നു തുടങ്ങി. എല്ലാത്തിനും പാസ്സായെങ്കിലും മാര്‍ക്ക് കുറവായിരുന്നു. അവള്‍ക്കാകട്ടെ എല്ലാത്തിനും നല്ല മാര്‍ക്കും... ഇന്‍ഗ്ലീഷിനാകട്ടെ  ഫുള്‍ മാര്‍ക്ക്!!. രാധാമണി  ടീച്ചര്‍ അവളെ അഭിനന്ദിക്കുന്നതു കണ്ട് ഞാ൯ മുഷ്ടി ചുരുട്ടി ഡസ്കില്‍ ആഞ്ഞിടിച്ചു.

ഇന്‍ഗ്ലീഷിലുള്ള നിലവാരം മെച്ചപ്പെടുത്താ൯ ഞാ൯ തീരുമാനിച്ചു. ഇംഗ്ലീഷ് ക്ലാസ്സുകള്‍ ഞാ൯ നന്നായി ശ്രദ്ധിക്കാ൯ തുടങ്ങി.

അന്ന് ആദ്യത്തെ പീരീഡ്‌ ഇംഗ്ലീഷ്  ക്ലാസായിരുന്നു.  ---------- ജയപ്രകാശ് സാറാണ് ഇംഗ്ലീഷ് എടുക്കുന്നത്. ഗ്രാമ൪ ക്ലാസായിരുന്നു. ഞാ൯ സകല ശക്തിയും സംഭരിച്ചു ശ്രദ്ധിച്ചിരുന്നു. പ്രിപ്പോസിഷനും , പാസ്സിവ് വോയിസും  കേട്ട് എന്റെ ഞരമ്പുകള്‍ വലിഞ്ഞു മുറുകി. ഇത്രയും ശ്രദ്ധിച്ചു ഞാ൯ ഇത് വരെ ഒരു ക്ലാസ്സിലും ഇരുന്നിട്ടുണ്ടായിരുന്നില്ല.        

തൊട്ടടുത്ത പീരീഡ്‌ രാമമൂര്‍ത്തി സാറിന്റെ  സോഷ്യല്‍ സ്ടഡീസാണ്.

തലേന്ന് പഠിപ്പിച്ച പാഠത്തില്‍ നിന്നുള്ള ചോദ്യങ്ങള്‍ പിറ്റേന്ന് സാര്‍  ചോദിക്കുമായിരുന്നു. അന്ന് ആദ്യത്തെ ചോദ്യം എന്നോടായിരുന്നു. ....  

"കലിംഗ യുദ്ധത്തിനു ശേഷം മാനസാന്തരം  വന്നത് ഏത് ചക്രവര്‍ത്തിക്കായിരുന്നു...?  ഗോപീകൃഷ്ണ൯ പറയൂ ...?"

ചോദ്യം മനസ്സിലായെങ്കിലും ഞാ൯ അപ്പോഴും കഴിഞ്ഞ ഇംഗ്ലീഷ് പീരീഡിന്റെ ഹാങ്ങ്‌ ഓവറിലായിരുന്നു.

ഞാ൯ എഴുന്നേറ്റു പറഞ്ഞു........   " മിസ്റ്റര്‍    അശോക൯.. "      

ക്ലാസ്സില്‍ ഒരു മാലപ്പടക്കം പൊട്ടിയ പോലെ കൂട്ടച്ചിരി ഉയ൪ന്നു. എനിക്ക് ഒന്നും മനസ്സിലായില്ല.

മൂര്‍ത്തി സാറിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. ..." ഓഹോ .. മഹാനായ അശോക ചക്രവര്‍ത്തി നിനക്ക്  മിസ്റ്റര്‍   അശോക൯ അല്ലേ...   ഇവ്ടെ  വാടാ ...."

അന്ന് കിട്ടിയ അടിയുടെ വേദന ഇപ്പോഴും ഓര്‍മയിലുണ്ട്. ; അത് മരിയയുടെ സാന്നിധ്യത്തിലായിരുന്നുവെന്നത്  വേദന ഇരട്ടിപ്പിച്ചു.

എനിക്ക് അവളുടെ നേരെ നോക്കാ൯ കഴിഞ്ഞില്ല. ഞാ൯ തിരികെ ബെഞ്ചിലെത്തി  തലയും കുമ്പിട്ടിരുന്നു. തല കുനിച്ചിരുന്നതിന് വീണ്ടും മൂര്‍ത്തി സാറിന്റെ കയ്യില്‍ നിന്നും വഴക്ക് കിട്ടി.

അവള്‍ ഞാനൊഴിച്ചുള്ള എല്ലാ വിദ്യാര്‍ഥികളോടും നല്ല കൂട്ടായി. എന്നാല്‍ ഞാ൯ മനപൂര്‍ വം അതിനു തുനിഞ്ഞില്ല. ഞങ്ങളുടെ ക്ലാസ്സ്‌ ഒരു നീണ്ട വരാന്ത അവസാനിക്കുന്നിടത്താണ്. അതിന്റെ ഇങ്ങേ അറ്റം ഞങ്ങളുടെ ക്ലാസ്സാണ്. അങ്ങേ അറ്റം എട്ട് സി യും. ഈ വരാന്തയില്‍ വച്ച് പലപ്പോഴും അഭിമുഖമായിട്ടു വരാറുണ്ടെങ്കിലും   ഞാ൯ ഒഴിഞ്ഞു മാറി.  

അവളുമായി മത്സരിച്ചു പഠിച്ചത് കാരണം എന്റെ വിദ്യാഭ്യാസ നിലവാരം ഏറെ മെച്ചപ്പെട്ടു. ക്രിസ്മസ് പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും നല്ല മാര്‍ക്ക്..!!!!   ക്ലാസ്സില്‍ എന്റെ സ്ഥാനം ഫ്രണ്ട് ബഞ്ചിലായി. ആ ഒരു കാര്യത്തില്‍ എനിക്കവളോട് ബഹുമാനം തോന്നി.

വീണ്ടും രണ്ട്‌ മാസം കൂടി കഴിഞ്ഞു. ആ സ്കൂള്‍ വര്‍ഷം തീരാരായിരിക്കുന്നു. അങ്ങനെ വാ൪ഷിക പരീക്ഷയുമെത്തി. കൊല്ലപ്പരീക്ഷയുടെ അവസാന ദിനവും കഴിഞ്ഞു. എല്ലാം നന്നായി തന്നെ എഴുതി.....   ഇനി രണ്ട്‌ മാസം വേനലവധി. മനസ്സ് ഒരു പൂത്തുമ്പിയെ   പോലെ തൊടിയിലേക്കും .. അമ്പലക്കുളത്തിലേക്കും .. കളിക്കളത്തിലേക്കും പറന്നു. അതിന്റെ ഉത്സാഹത്തില്‍ സ്കൂള്‍ ഗേറ്റ് കടന്നു പുറത്തേക്കിറങ്ങി.  

"ഗോപീ ഒന്ന് നില്‍ക്കണേ ...." ---- പുറകില്‍ നിന്നും ഒരു വിളി. എന്റെ കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല ...മരിയ .... ഞാ൯ അത്യധികം ദേഷ്യത്തോടെ മാത്രം കണ്ടിരുന്ന കുട്ടി. ഒരേ സമയം എനിക്ക് അത്ഭുതവും അമ്പരപ്പും തോന്നി. ...

" എക്സാംസ് എങ്ങനുണ്ടായിരുന്നു ....?"

ഞാ൯  മറുപടി പറയുന്നതിന് മുന്‍പ് അവള്‍ തുടര്‍ന്നു ..... " ഞാ൯ ടി സി വാങ്ങിച്ചു.... ഞങ്ങള്‍ തിരിച്ചു പോവാണ്.."
"എന്നോടുള്ള ദേഷ്യമൊക്കെ മാറിയോ..? ... എനിക്കറിയില്ല ... ന്നാലും എനിക്ക് ദേഷ്യമൊന്നുമില്ല...ട്ടോ .. "

അവളോടുള്ള ദേഷ്യമൊക്കെ ഒരു നിമിഷം കൊണ്ടലിഞ്ഞില്ലാതാകുന്നത് പോലെ തോന്നി.... ഒരു വലിയ മഴ പെയ്ത് തോര്‍ന്ന പോലെ. പക്ഷെ എനിക്ക് ഒന്നും പറയാ൯ സാധിക്കുന്നില്ല.

അവള്‍ ബാഗില്‍ നിന്നും ആ മഞ്ഞ മ്യൂസിക്‌ ബോക്സ്‌ എടുത്തു. ------ "ഇത് ഗോപിക്ക് ..... എന്നെ മറക്കാതിരിക്കാ൯.... ഞങ്ങള്‍ നാളത്തെ ഫ്ലൈറ്റിന്   തിരിച്ചു പോകും... ഇനി വരുമ്പോള്‍ കാണാം.....ബൈ....."

എനിക്ക്   യാത്ര പോലും പറയാ൯ കഴിഞ്ഞില്ല ... ഞാ൯ അവള്‍ തന്ന ഗിഫ്ടിലേക്ക് നോക്കി.... മാസങ്ങളായി തന്നെ ഭ്രമിപ്പിച്ച മ്യൂസിക്‌ ബോക്സ്‌.  

പിന്നെ അവളെ കാണുന്നത് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. അന്നു ഞാ൯ പത്താം ക്ലാസ്സിലായിരുന്നു. അന്നു ഞങ്ങള്‍ ഒരുപാട് സംസാരിച്ചു.വീണ്ടും അവര്‍  തിരിച്ച് പോയി.

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സെന്‍ട്രല്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായപ്പോള്‍ ഞാനവളെ ഓര്‍ത്തു. പഴയ ഏഴാം ക്ലാസ്സില്‍ വച്ചായിരുന്നല്ലോ..... എന്റെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെട്ടത്. പ്രിയപ്പെട്ട മരിയാ ..... നാഴികകള്‍ക്കിപ്പുറത്തു നിന്നും നിന്നെ ഞാ൯ സ്മരിക്കുന്നു.

അതിനു ശേഷമായിരുന്നു രാധികയുമായുള്ള വിവാഹം. വിവാഹത്തിന് ശേഷം മരിയയെ ഞാ൯ കണ്ടിട്ടില്ല. അവ൪ നാട്ടില്‍ വന്നിട്ട് പത്തു വര്‍ഷമെങ്കിലും ആയിരിക്കുന്നു. കാലത്തിന്റെ പ്രയാണം ഓര്‍മകളില്‍ നിഴല്‍ വീഴ്ത്തിയപ്പോള്‍ മരിയയും ഓര്‍മകളുടെ ഏതോ കോണില്‍ ഒടുങ്ങി.

ഇപ്പോള്‍ .....ആ പഴയ ഓര്‍മ്മകള്‍ ഈ മ്യൂസിക്‌ ബോക്സ്‌ലൂടെ..... വീണ്ടും .......

ഞാ൯ അതെടുത്തു തുടച്ചു വൃത്തിയാക്കി...... അതിന്റെ പഴയ തിളങ്ങുന്ന മഞ്ഞ നിറം എന്നേ നഷ്ടമായിരുന്നു. തുറക്കുമ്പോള്‍ പഴയ പോലെ പാട്ടും കേള്‍ക്കുന്നില്ല,  ടെഡി  ബിയര്‍  എവിടെ പോയി....   സ്കൂള്‍ ജീവിതത്തിലെ മുഴുവ൯ ഓര്‍മകളും ആ കൊച്ചു പെട്ടിക്കുള്ളില്‍ കെട്ടിക്കിടക്കുന്നതായി തോന്നി.  

ഞാ൯ അതെടുത്ത് നെഞ്ചോടു ചേര്‍ത്തു.

ഈ കഥകളൊക്കെ രാധികയോട് പറഞ്ഞാലോ....?.... വേണ്ട വെറുതെ നല്ലൊരോണക്കാലം  എന്തിനാ നശിപ്പിക്കുന്നത്. .... ഈ കഥ എന്നെങ്കിലും ഏതെങ്കിലും മാഗസിനില്‍ അച്ചടിച്ച്‌ വന്നാല്‍ അവള്‍ വായിക്കട്ടെ.

"തീരാറായോ കൃഷ്ണേട്ടാ...."  രാധിക അടുക്കളയില്‍ നിന്ന് ഡ്രോയിംഗ് റൂമിലേക്ക്‌ വന്നു.

"ഓ.. കഴിഞ്ഞു... ഇതും കൂടിയേ ഉള്ളൂ ....."

ടി വി യിലെ സിനിമ പോയെങ്കിലെന്താ .. നല്ലൊരു ഫ്ലാഷ് ബാക്ക് ഓര്‍മിക്കാ൯ കഴിഞ്ഞ ആത്മസംതൃപ്തിയോടെ ഞാ൯ ലാസ്റ്റ് ഐറ്റവും ഷോകേസിലേക്ക്  വച്ചു.    


                                                   ***********************************


8 അഭിപ്രായങ്ങൾ:

  1. നമുടെ സന്തോഷം ഓർമ്മകളായി നമുക്കരികിൽ തന്നെ ഉണ്ടാകും. പക്ഷെ പൊടിപിടിച്ചു കിടക്കുന്ന ആ ഓർമ്മക്കുറിപ്പുകളെ നമ്മൾ പലപ്പോഴും കാണാൻ ശ്രമിക്കാറില്ല.
    ഈ കഥ ഒരുപക്ഷെ എന്റേയും കൂടിയാണ്..
    നന്ദി ഒരോർമ്മപ്പെടുത്തലിന്...

    Verification സുഖകരമായ ഒരേർപ്പാടല്ല.. അഭിപ്രായം രേഖപ്പെടുത്താൻ താല്പര്യപ്പെടുന്നവർ പോലും പിന്തിരിഞ്ഞേക്കും

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയ വിവക്ഷു കമന്റിനു ഒരു പാട് നന്ദി.... വീണ്ടും എഴുതാന്‍ പ്രേരിപ്പിക്കുന്നു.... comment verification നെ കുറിച്ച് എഴുതിയത് മനസ്സിലായില്ല.

      ഇല്ലാതാക്കൂ
    2. കമന്റിട്ടാല് പബ്ലിഷ് ചെയ്യും മുൻപ് വെരിഫിക്കേഷൻ വരുന്നതിനെ പറ്റിയാണ്...

      ചിത്രം നോക്കി പൂരിപ്പിച്ച് മാത്രം മനുഷ്യനാവുന്ന പരിപാടി ക്ഷമയില്ലാതാക്കുന്നു....
      ( Please prove you're not a robot )

      :-)

      ഇല്ലാതാക്കൂ
    3. അറിയാതെ word verification ..yes ആയി കിടന്നതാ, പറഞ്ഞു തന്നതിന് thanks . ഇപ്പോള്‍ ശരിയാക്കിയിട്ടുണ്ട്.

      ഇല്ലാതാക്കൂ
  2. ഇത്തരം ഒരു അനുഭവ കഥ എനികും പറയുവാനുണ്ട്. അത് ഒരു കഥയായി മാറാന്‍ ഇത് ഉപകരിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  3. ജീവിതത്തിലെ അനുഭവങ്ങളാണ് നമ്മെ ഒക്കെ നാം ആക്കിയത്
    ഇനിയും എഴുതുക

    മറുപടിഇല്ലാതാക്കൂ