2012, ഫെബ്രുവരി 5, ഞായറാഴ്‌ച

ഓട്ടോഗ്രാഫ്


ആകെ മൂടിക്കെട്ടിയ അന്തരീക്ഷം, തിമിര്‍ത്തു പെയ്യുന്ന മഴ. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അതായിരുന്നു പ്രകൃതിയുടെ അവസ്ഥ. തന്റെ മനസ്സ് പോലെ തന്നെയാണല്ലോ അന്തരീക്ഷവും എന്ന് ഞാന്‍ ആത്മഗതം ചെയ്തു.  ഡ്രൈവര്‍ ഇതു വരെ എത്തിയിട്ടില്ല, മഴയായതു കൊണ്ടായിരിക്കാം താമസിക്കുന്നത്. താമസിച്ച് ഇറങ്ങാനും വയ്യ. ഇന്നാണ് തന്റെ കമ്പനിയില്‍ പുതിയ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ നടക്കുന്നത്. ഒടുവില്‍ സ്വയം ഡ്രൈവ് ചെയ്യാന്‍ തീരുമാനിച്ചു.

എന്നും എടുക്കാറുള്ള ബാഗ്‌ എടുത്തു കാറിലേക്ക് വച്ചു. കമ്പനി ഉദ്ദേശം എട്ടു കിലോമീറ്റര്‍ അകലെയാണ്. കാര്‍ റോഡിലേക്കെടുത്തു. ഞാന്‍ കാറിന്റെ ഗ്ലാസ്സിലൂടെ പുറത്തേക്കു നോക്കി. മഴ കുറയുന്ന ലക്ഷണം ഒന്നും കാണുന്നില്ല. , ഓഫീസിലെത്തി; മാനേജരുടെ കാബിനിലേക്ക്‌ കയറി.----- പതിനൊന്നു മണിക്കാണ് ഇന്റര്‍വ്യൂ പറഞ്ഞിരിക്കുന്നത്.

" സാര്‍ ഇന്റര്‍വ്യൂവിനു ആളെ വിളിക്കേണ്ടേ...? " 

പ്യൂണ്‍ അഭിലാഷിന്റെ ശബ്ദം എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി.

" യെസ്... " ഞാന്‍ പറഞ്ഞു.

വന്നവരെല്ലാം ഉന്നത ഡിഗ്രിയുടെ ഭാരം പേറുന്നവര്‍ . ഞാന്‍ ബയോഡാറ്റയിലൂടെ കണ്ണോടിച്ചു.----- അവര്‍ ചെയ്തതും , ചെയ്യാന്‍ പോകുന്നതുമായ ധീര കൃത്യങ്ങള്‍ അടിവരയിട്ടു വിവരിച്ചിരിക്കുന്നു.

ഏഴാമതായി എത്തിയത് ഒരു പെണ്‍കുട്ടിയാണ്. ....... ഞാ൯ ആ കുട്ടിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. നല്ല പരിചിതമായ മുഖം. പക്ഷെ പിടി കിട്ടുന്നില്ല. അത്ര പുതിയതല്ലാത്ത വേഷം. ഒരു ആയുസ്സിന്റെ മുഴുവന്‍ ദൈന്യതയും പേറുന്ന മുഖം. പക്ഷെ ആ നീല കണ്ണുകള്‍ ........... അതെന്നെ ഗതകാലം പുറകിലേക്ക് സഞ്ചരിപ്പിച്ചു.

ഓര്‍മകള്‍ ചെന്ന് നിന്നത് ഞാ൯ എപ്പോഴും കൂടെ കൊണ്ട് നടക്കാറുള്ള ഓട്ടോഗ്രാഫ് ബുക്കിലാണ്. അതിലെ സ്വര്‍ണ വര്‍ണമുള്ള പേജില്‍ തനിക്ക് നന്മകള്‍ മാത്രം നേര്‍ന്നു കൊണ്ട് അവള്‍ എഴുതിയ ഓട്ടോഗ്രാഫ്.

അന്ന് അവസാന വര്‍ഷ ഡിഗ്രി ക്ലാസ്സിന്റെ അവസാന ദിവസമായിരുന്നു. ഞാന്‍ മൂന്ന് വര്‍ഷമായി പ്രണയിക്കുന്ന കുട്ടി. പക്ഷെ ഒരിക്കല്‍ പോലും അവളോട്‌ തുറന്നു പറയാന്‍ സാധിച്ചിട്ടില്ല. ക്ലാസ്സിലെ ഏറ്റവും സമ൪ത്ഥയായ കുട്ടി. എന്നാല്‍ ഫൈനല്‍ ഇയര്‍  പരീക്ഷകളൊന്നും അവള്‍ എഴുതിയില്ല. തനിക്ക് നന്മകള്‍ മാത്രം നേര്‍ന്നു കൊണ്ട് പെട്ടെന്നവള്‍ അപ്രത്യക്ഷയാവുകയായിരുന്നു. പിന്നീട് അവളെ ഞാ൯ സ്വപ്നങ്ങളില്‍ മാത്രമേ കണ്ടിട്ടുള്ളൂ. നേരിട്ട് കാണുന്നത് ഇപ്പോഴാണ്.

" സര്‍   സ൪ട്ടിഫിക്കട്സ് ".....    അവളുടെ ശബ്ദം  എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി.

" കുട്ടി.... മീരയല്ലേ...?"

അവളുടെ മുഖഭാവം മാറുന്നത് ഞാ൯ ശ്രദ്ധിച്ചു.

" അതേ.... എ... എങ്ങനെ.. മനസ്സിലായി....?"

"തനിക്കെന്നെ മനസ്സിലായില്ലേ..?" ---------  ഞാ൯ തന്റെ കൂടെ ഡിഗ്രിക്ക് പഠിച്ച കൃഷ്ണചന്ദ്രനാണ്. "

അവളുടെ കണ്ണുകള്‍ നിറയുന്നതായി എനിക്കനുഭവപ്പെട്ടു.

"എന്താണ് നിനക്ക് പറ്റിയത്...?"

ഫൈനല്‍ ഇയര്‍  പരീക്ഷയുടെ തൊട്ടു മുന്‍പാണ്‌ അച്ഛന്‍ മരിക്കുന്നത്. അമ്മ നേരത്തെ തന്നെ രോഗബാധിതയയിരുന്നു. ഞാനും അമ്മയും അനിയത്തിയും എങ്ങനെ ജീവിക്കും ? .. കുറച്ചു നാളൊക്കെ നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായം ഉണ്ടായിരുന്നു; ഒടുവില്‍ അത് കുറഞ്ഞു കുറഞ്ഞു വന്നു, പിന്നെ തീരെ ഇല്ലാതായി.  

എനിക്ക് ഒരു ജോലി അത്യാവശ്യമായിരുന്നു ---- അങ്ങനെ ഞാ൯ ഒരു വലിയ സീഫുഡ്സ് കമ്പനിയില്‍ പോകാന്‍ തുടങ്ങി. ദിവസ ശമ്പളമാണ്, എന്നാലും വലിയ അല്ലലില്ലാതെ ജീവിക്കാന്‍ കഴിയും. ഡിഗ്രി പൂര്‍ത്തിയാക്കാന്‍ എല്ലാവരും ഉപദേശിച്ചു. രാത്രിയില്‍ കിട്ടുന്ന ഒഴിവു സമയം ഞാ൯ പഠനത്തിനായി ചിലവഴിച്ചു. കമ്പനിയുടെ മാനേജര്‍ ഒരു നല്ല മനുഷ്യനായിരുന്നു. അങ്ങനെ ഞാ൯ അവധിയെടുത്ത് പരീക്ഷകള്‍ എഴുതി. അതിനു ശേഷമുള്ള അമ്മയുടെ മരണം എന്നെ മാനസികമായി തളര്‍ത്തി. അനിയത്തിയുടെ വിദ്യാഭ്യാസം മാത്രമായിരുന്നു എന്റെ സ്വപ്നം........ലക്‌ഷ്യം. കൂടുതല്‍ മെച്ചപ്പെട്ട ഒരു ജോലിക്കായാണ് ഞാ൯ ഇവിടെ വന്നത്.


അവളുടെ കയ്യിലെ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ണീരില്‍ കുതിര്‍ന്നിരുന്നു. ഞാ൯ വര്‍ഷങ്ങളോളം ആത്മാര്‍ഥമായി സ്നേഹിച്ച കുട്ടിയാണ് തന്റെ മുന്നിലിരിക്കുന്നതെന്ന് വിശ്വസിക്കാന്‍ പോലുമാകുന്നില്ല.

ഞാ൯ അപ്പൊയിന്‍മെന്റ് ഓര്‍ഡര്‍ എടുത്ത്‌ അതില്‍ ഒപ്പിട്ടു.

അത് അവള്‍ക്കു കൊടുത്തു......... അത് തന്റെ ജീവിതത്തിലേക്ക് തന്നെയുള്ള അപ്പൊയിന്‍മെന്റ് ഓര്‍ഡാറായിരുന്നു.

പുറത്ത് മഴ മാറി മാനം തെളിഞ്ഞിരുന്നു. ജനാലയിലൂടെ നോക്കുമ്പോള്‍ ദൂരെ ആകാശത്ത് ഒരു മഴവില്ല് തെളിഞ്ഞു നിന്നിരുന്നു.
                                   

                                             ***************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ